Women’s Shed Canberraയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ വംശജ സുനിത കോട്‌നാലയെ 2025 ലെ കാൻബറ സിറ്റിസൺ ഓഫ് ദി ഇയർ ആയി ആദരിച്ചു. 2020 ൽ കോട്‌നാലയും റോബി മക്‌ഗാർവിയും ചേർന്ന് സ്ഥാപിച്ച Women’s Shed Canberra യിലൂടെ വീടുകളുടെ അറ്റകുറ്റപ്പണി, പവർ ടൂളുകളുടെ ഉപയോഗം ഉൾപ്പെടെ സ്ത്രീകളെ തൊഴിൽ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ നടത്തി വരുന്നുണ്ട്. ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ കോട്‌നാലയുടെ സമർപ്പണത്തെ പ്രശംസിച്ചു, വിമൻസ് ഷെഡ് കാൻബറ വ്യത്യസ്ത പശ്ചാത്തലങ്ങളിലും കഴിവുകളിലുമുള്ള സ്ത്രീകൾക്ക് എങ്ങനെ പിന്തുണ നൽകുന്ന ഒരു സമൂഹമായി മാറിയെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ അവാർഡ് കോട്‌നാലയ്ക്ക് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും കമ്മ്യൂണിറ്റി വികസനത്തിലും ഗാർഹിക പീഡന വഷയത്തിലും വിപുലമായ പരിചയസമ്പത്തും ഉള്ള കോട്‌നാല തന്റെ പ്രൊഫഷണൽ വൈദഗ്ധ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള അവസരമായാണ് കാണുന്നത്. 023-ൽ ഒരു ഓൺലൈൻ സേവനം അവതരിപ്പിച്ചുകൊണ്ട് കാൻബറ വനിതാ ഷെഡ് തങ്ങളുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു. ഇത് പങ്കെടുക്കുന്നവർക്കുള്ള ഗതാഗത തടസ്സങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈ സംരംഭത്തിന് ACT ഗവൺമെന്റിൽ നിന്ന് സോഷ്യൽ എന്റർപ്രൈസ് ഗ്രാന്റുകൾ വഴി പിന്തുണ ലഭിച്ചു. അവാർഡ് ലഭിച്ചതിൽ കോട്‌നാല അഭിമാനം പ്രകടിപ്പിച്ചു, സുരക്ഷിതമായ അന്തരീക്ഷത്തിൽ പുതിയ കഴിവുകൾ പഠിച്ചതിന് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന സന്തോഷവും ശാക്തീകരണവും അവർ ഊന്നിപ്പറഞ്ഞു.














