ലണ്ടൻ : യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ മേയ് നാലിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി (Conservative Party) സ്ഥാനാർഥിയായി ചേർത്തല (Cherthala) സ്വദേശി വർഗീസ് ജോൺ ( Varghese John ) ജനവിധി തേടുന്നു. വോക്കിങ് ബറോയിൽ ഒരു മലയാളി ആദ്യമായിട്ടാണ് മത്സര രംഗത്ത് എത്തുന്നത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമാണ് വർഗീസ് ജോൺ മത്സരത്തിനിറങ്ങുന്ന മൗണ്ട് ഹെർമൻ വാർഡ്. 2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന വർഗീസ് 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഭാര്യ ലവ്‌ലിയും യൂണിവേഴ്സിറ്റി വിദ്യാർഥിയായ ആൻ തെരേസയും, എ ലെവൽ വിദ്യാർഥി ജേക്കബ് ജോണും അടങ്ങുന്നതാണ് വർഗീസ് ജോണിന്റെ കുടുംബം.













