വാഷിംഗ്‌ടൺ : രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്‌ടണിൽ എത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മോദിയെ സ്വാഗതം ചെയ്യാൻ ബ്ലെയർ ഹൗസിൽ ഇന്ത്യൻ പ്രവാസി സമൂഹം ആവേശത്തോടെ എത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹവുമായി ചർച്ചയ്ക്കു എത്തുന്ന നാലാമത്തെ രാഷ്ട്ര നേതാവാണു മോദി. ഇസ്രയേൽ, ജപ്പാൻ പ്രധാനമന്ത്രിമാരും ജോർദാൻ രാജാവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ കണ്ടത്. ഫ്രാൻസിൽ എ ഐ ഉച്ചകോടി കഴിഞ്ഞ ശേഷമാണു മോദി ബുധനാഴ്ച്ച യുഎസിലേക്കു പറന്നത്. വൈറ്റ് ഹൗസിനു തൊട്ടടുത്തുള്ള ബ്ലെയർ ഹൗസിൽ ആണ് മോദി താമസിക്കുക. ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് ആയി ബുധനാഴ്ച്ച സ്ഥാനമേറ്റ ഹിന്ദു അമേരിക്കൻ തുൾസി ഗബ്ബാർഡ് മോദിയെ കണ്ടു സംസാരിച്ചു.











