Home യൂറോപ്പ് ലണ്ടൻ- കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കിയതില്‍ കടുത്ത പ്രതിഷേധം; മലയാളികളോടുള്ള ക്രൂരമായ അവഗണനയെന്ന് സമീക്ഷ...

ലണ്ടൻ- കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കിയതില്‍ കടുത്ത പ്രതിഷേധം; മലയാളികളോടുള്ള ക്രൂരമായ അവഗണനയെന്ന് സമീക്ഷ യുകെ

243
0

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി സമീക്ഷ യു കെ . അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ ഏക ആശ്രയമായിരുന്ന വിമാന സർവ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്‍റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് 2020 ആഗസ്റ്റ് 28 മുതല്‍ ഈ റൂട്ടില്‍ വിമാനം അനുവദിച്ചത്. അന്നുമുതല്‍ ഇന്നുവരെ ആളില്ലാത്തത് കാരണം ഒരു സർവ്വീസ് പോലും മുടങ്ങിയിട്ടില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നവരുടെ ആദ്യ ഓപ്ഷനായിരുന്നു ഈ വിമാനം. അവധിക്കാലത്ത് എയർ ഇന്ത്യ ടിക്കറ്റ് വിലയില്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ പോലും ആള്‍ക്ഷാമം ഉണ്ടായില്ല. ഓഫ് സീസണില്‍ വരെ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. എല്ലായിപ്പോഴും തിരക്കുപിടിച്ച റൂട്ടായിരുന്നിട്ടും മെച്ചപ്പെട്ട യാത്രസൌകര്യം ഒരുക്കാൻ എയർ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ റൂട്ടില്‍ പുതിയ വിമാനം വേണമെന്ന ആവശ്യം അധികൃതർ കേട്ടതുപോലുമില്ല.

ഒടുവിലിപ്പോള്‍ സർവ്വീസ് എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഈ വേനല്‍ അവധിക്കാലം മുതല്‍ പുതിയ ബുക്കിംഗ് എടുക്കേണ്ടെന്ന് ഏജൻസികള്‍ക്ക് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചു. മാർച്ച് 28ന് ഗാട്വികില്‍ നിന്ന് കൊച്ചിയിലേക്കും 29ന് തിരിച്ചുമായിരിക്കും അവസാന യാത്ര. ഇതോടെ ബഹുഭൂരിപക്ഷം മലയാളികളും നാട്ടിലെത്താൻ പല വിമാനങ്ങള്‍ കയറിയിറങ്ങേണ്ടിവരും. പത്ത് മണിക്കൂർ യാത്ര രണ്ട് ദിവസം വരെ നീളും, യാത്രാദുരിതം ഏറും. കേരളത്തിന് നേരെ മുഖം തിരിച്ചപ്പോഴും മറ്റിടങ്ങളോട് എയർ ഇന്ത്യ അനുകമ്പ കാണിച്ചു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നില്‍ സ്വാർത്ഥതാല്‍പര്യത്തോടെ ഒരു ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ട്.

മെറിറ്റ് നോക്കാതെയുള്ള ഈ വെട്ടിത്തിരുത്തല്‍ മലയാളികളോടുള്ള വെല്ലുവിളിയാണ്. അവർ ഇത്തിരി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല എന്ന സമീപനമാണെന്നും സമീക്ഷ യു കെ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആരോപിച്ചു വിഷയത്തില്‍ പ്രതികരിക്കാൻ എയർ ഇന്ത്യയോ സിയാല്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. നിശബ്ദരായിരിക്കാൻ ഞങ്ങള്‍ തയ്യാറല്ല. വേഗത്തില്‍ നാടുപിടിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് അകാരണമായി എയർ ഇന്ത്യ ഇല്ലാതാക്കിയത്. യുകെയിലെ മലയാളി സമൂഹത്തോടുള്ള ക്രൂരമായ അവഗണനയാണിത്. ഞങ്ങളുടെ സമയത്തിനും വിലയുണ്ട്. കേന്ദ്രസർക്കാർ പ്രശ്നത്തില്‍ ഇടപെടണമെന്നും എയർ ഇന്ത്യ ഞങ്ങള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു

Previous articleഫിലഡൽഫിയ ആർസനൽസിന് 2024 NAMSL സോക്കർ ടൂർണമെന്റ് ജേതാക്കളായി
Next articleകുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു.

Leave a Reply