ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിന്റെ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും.
കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം. പുതിയ പ്രതീക്ഷ. വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്റെ രാത്രിയായിരുന്നു. ഓട്ടുരുളിയില്‍ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു പൊന്‍കണിയിലേക്കു മിഴി തുറന്നത്. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.
എല്ലാ മലയാളികള്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേര്‍ന്നു. വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞു ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കരുതിയിരിക്കണമെന്നും മനുഷ്യ സ്‌നേഹത്തില്‍ ഊന്നിയ ഐക്യം കൊണ്ട് ഈ ശക്തികള്‍ക്കു മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി ആശംസിച്ചു. വരും വര്‍ഷത്തില്‍ ഉടനീളം സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നല്‍കി വിഷു നമ്മെ ധന്യരാക്കട്ടെ എന്നു ഗവര്‍ണര്‍ ആശംസിച്ചു.
ഏവർക്കും കേരളവോയ്‌സിന്റെ വിഷു ആശംസകൾ ..











