Home ഗൾഫ് വണ്‍ ബില്യണ്‍ മീല്‍സ് ; 50 ലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ച്‌ ഡോ. ആസാദ് മൂപ്പന്‍

വണ്‍ ബില്യണ്‍ മീല്‍സ് ; 50 ലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ച്‌ ഡോ. ആസാദ് മൂപ്പന്‍

372
0

ദുബൈ : ലോകത്തിന്‍റെ വിശപ്പകറ്റാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഞ്ച് ദശലക്ഷം ദിര്‍ഹം (11 കോടി രൂപ) സംഭാവന പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവിധ രാജ്യങ്ങളിലെ ദുര്‍ബലരായ ജനസമൂഹങ്ങളിലേക്ക് സഹായിക്കുന്നതിനാണ് സംഭാവന പ്രഖ്യാപിച്ചത്.

ആഗോള തലത്തില്‍ പട്ടിണി അകറ്റുക എന്ന മഹത്തായ ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നടപ്പാക്കുന്ന ഉദ്യമമാണ് വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ ദൗത്യത്തിന്‍റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ദൈവം നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പകരമായി സമൂഹത്തിന് തിരികെ നല്‍കാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കെടുക്കേണ്ടത് കടമയും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരോട് ദയ കാണിക്കുകയെന്നത് ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് ഇത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വണ്‍ ബില്യണ്‍ മീല്‍സ് വഴി സ്വരൂപിക്കുന്ന തുക ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അര്‍ഹരായവരിലേക്ക് ഭക്ഷണമെത്തിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനകം പകുതിയിലേറെ തുക സമാഹരിച്ച്‌ കഴിഞ്ഞു. കാമ്ബയിനിന്‍റെ വെബ്സൈറ്റായ http://www.1billionmeals.ae, ടോള്‍ ഫ്രീ നമ്ബറായ 800 9999 എന്നിവ വഴി ആര്‍ക്കും സംഭാവന നല്‍കാം. മൊബൈല്‍ ഫോണിലൂടെ എസ്.എം.എസ് വഴിയും സംഭാവന നല്‍കാം.

Previous articleരാജ്യത്ത് ചൂട് ഇനിയും കൂടും
Next articleഈദുൽ ഫിത്തറിന് മുന്നോടിയായി ഖത്തറിൽ ‘ഈദിയ എടിഎം’ ആരംഭിച്ചു

Leave a Reply