വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും, തിരുന്നാളും ഈമാസം 20ന് ശനിയാഴ്ച്ച ഭക്തിനിര്‍ഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും നേതൃത്വത്തിലും ഇത് എട്ടാം തവണയാണ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ മരിയന്‍ പ്രഘോഷണ വേദിയായാണ് വാത്സിങ്ങാം തീര്‍ത്ഥാടനം അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.
യുകെയിലുടനീളമുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്ക് വാത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ പ്രസുദേന്തിമാര്‍ ആകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ തന്നെ, യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങള്‍ പങ്കുചേരുമ്പോള്‍ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീര്‍ത്ഥാടനത്തിലും, മരിയന്‍ പ്രഘോഷണ വേദിയിലും, തിരുന്നാളിലും സജീവമായി ഉണ്ടാവും. പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നില്‍ക്കണ്ടുകൊണ്ടു തീര്‍ത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളില്‍ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളില്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമില്‍ എത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീര്‍ത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സിറോ മലബാര്‍ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഗ്രൂപ്പുകളായി തീര്‍ത്ഥാടനത്തില്‍ എത്തുന്നവര്‍ തങ്ങളുടെ മിഷന്റെ ബാനറിന്റെ പിന്നില്‍ മുത്തുക്കുടകളും ഏന്തി രണ്ടു വരിയായി അടുക്കും ചിട്ടയുമായി ഭക്തിപുരസ്സരം പങ്കുചേരണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോളണ്ടിയേഴ്സ് നല്‍കുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ചു കൊണ്ട് മാതൃ സങ്കേതത്തിന്റെ പരിപാവനതയില്‍ ഭക്തിപൂര്‍വ്വം മരിയന്‍ പ്രഘോഷണ പ്രദക്ഷണത്തില്‍ അണിചേരേണ്ടതാണ്.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 am – സപ്രാ (പ്രഭാത പ്രാര്‍ത്ഥന), ജപമാല, ആരാധന
10:30 am – മരിയന്‍ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കല്‍
12:15 pm – പ്രസുദേന്തി വാഴിയ്ക്കല്‍
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീര്‍ത്ഥാടന സമാപനം
വാത്സിങ്ങാം തിരുന്നാളിനോടനുബന്ധിച്ച് ഭക്ഷണ സ്റ്റാളുകള്‍ ക്രമീകരിക്കുന്നുണ്ട്.
ഏവരെയും തീര്‍ത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടക സ്വാഗത സംഘം അറിയിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം
Catholic National Shrine of Our Lady, Walshingham, Houghton, St. Giles, Norfolk,NR22 6AL













