ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 2024 ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസി നോര്‍ത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് ഫൊക്കാന കണ്‍വന്‍ഷന്‍ നടക്കുന്നത്. വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
18 ന് വൈകുന്നേരം വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഫൊക്കാന വാഷിംഗ്ടണ്‍ റീജിയണ്‍ നേതൃത്വം നല്കും,തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടനത്തിലും മറ്റ് പരിപാടികളിലും കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എം.പി മാരായ ജോണ്‍ ബ്രിട്ടാസ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം മുകേഷ് എം. എല്‍. എ, മാധ്യമ പ്രവര്‍ത്തകന്‍ എം. വി. നികേഷ് കുമാര്‍, കവി മുരുകന്‍ കാട്ടാക്കട , നടന്‍ അനീഷ് രവി, ഗായകന്‍ വിവേകാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മീഡിയ അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, സാഹിത്യ സമഗ്രസംഭാവന പുരസ്‌കാരം, അമേരിക്കന്‍ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാര വിതരണം, മിസ് ഫൊക്കാന , മലയാളി മങ്ക, ബിസിനസ് സെമിനാര്‍, മീഡിയ സെമിനാര്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും നടക്കുമെന്ന് ഡോ . ബാബു സ്റ്റീഫന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്റെയും ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി ,ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.. ബ്രിജിറ്റ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. കണ്‍വര്‍ഷന്റെ രണ്ടാം ദിവസത്തിലാണ് ഫൊക്കാന തെരഞ്ഞെടുപ്പ് നടക്കുക. ഫൊക്കാന ജനറല്‍ സെക്രട്ടറിയായ ഡോ. കല ഷഹി , മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി , ഫൊക്കാനയുടെ വനിത നേതാവ് ലീലാ മാരേട്ട് എന്നിവര്‍ ഫൊക്കാന പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 81 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കുന്നു . മുന്‍പെങ്ങും ഇല്ലാത്ത വിധം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഫൊക്കാനയുടെ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ അരങ്ങ് കൂടിയാണ് ഫൊക്കാന തെരഞ്ഞെടുപ്പും.











