ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനിയുടെ ഉടമ നിസാർ ചൗകെയർ വിടവാങ്ങി. 83-ാം വയസ്സിലായിരുന്നു അന്ത്യം. ഗൾഫിലുടനീളമുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട ചോക്ലേറ്റ് ബ്രാൻഡായ പാച്ചിയുടെ ഉടമയായിരുന്ന അദ്ദേഹം ഇനി ഓർമ്മകളിലെ മധുരമായി ജീവിക്കും. ചോക്ലേറ്റോടുള്ള പ്രണയം പതിനൊന്നാമത്തെ വയസ്സുമുതൽ നിസാർ ചൗകെയറിന്‍റെ ഹൃദയത്തിൽ നിറയെ നിറഞ്ഞിരുന്നു. ബെയ്റൂട്ടിലെ ചോക്ലേറ്റ് രാജാക്കൻമാരായിരുന്നു നിസാറിന്‍റെ അമ്മാവൻമാർ. കച്ചവടത്തിലുള്ള നിസാറിന്‍റെ മിടുക്ക് അമ്മാവൻമാരുടെ ശ്രദ്ധയിൽപ്പെട്ടു. വൈകാതെ തന്നെ, കടയുടെ പൂർണ്ണ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു. കട തുറക്കുന്നതും അടയ്ക്കുന്നതും എല്ലാം നിസാർ കൈകാര്യം ചെയ്യാൻ തുടങ്ങി. പതിനാലാമത്തെ വയസ്സിൽ, ചോക്ലേറ്റ് മാത്രം പോരാ, ശമ്പളവും വേണമെന്ന് നിസാർ ആവശ്യപ്പെട്ടു. വേതനം ലഭിച്ചു തുടങ്ങിയ കാലത്ത് പഠനം മുടങ്ങി. രണ്ടു. രണ്ടു വർഷത്തിന് ശേഷം, അക്കൗണ്ടിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കി, പഠനം നിലച്ചുപോയതിന്‍റെ സങ്കടം അദ്ദേഹം തീർത്തു പതിനെട്ടാമത്തെ വയസ്സായപ്പോഴേക്കും അമ്മാവൻമാരുമായി നിസാറിന് പലപ്പോഴും കലഹിക്കേണ്ടി വന്നു. മനം മടുത്ത് എല്ലാം ഉപേക്ഷിച്ച് പോകാനായിരുന്നു തീരുമാനം.
ലബനിൽ നിന്ന് കുവൈത്തിലേക്ക് പോകാമെന്നായി. ബന്ധുവിന്‍റെ കൂടെയായിരുന്നു യാത്ര. കുവൈത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നിസാറിന് അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ലബനീസ് കുടുംബത്തിലെ ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച നിസാർ അവിടുത്തെ പെൺകുട്ടി സിഹാനുമായി പ്രണയത്തിലായി. ചോക്ലേറ്റ് ബിസിനസാണ് തന്‍റെ ലക്ഷ്യമെന്ന് പ്രണയകാലത്തും സിഹാനോട് പതിവായി പറഞ്ഞു. ഇരുപതാമത്തെ വയസ്സിൽ ഇരുവരും വിവാഹിതരായി. താമസിയാതെ അവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. ലബനിൽ തിരിച്ചെത്തി ചോക്ലേറ്റ് കട തുടങ്ങണം എന്ന ആഗ്രഹത്തെ കുടഞ്ഞെറിയാനുള്ള ഒന്നും കുവൈത്തിലുണ്ടായിരുന്നില്ല. അധികം വൈകാതെ ദമ്പതികൾ ബെയ്റൂട്ടിലേക്ക് തിരിച്ചു. എന്നാൽ ചോക്ലേറ്റിലെ കരിയർ പുനരാരംഭിക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രാവർത്തികമാക്കാനായില്ല. തന്‍റെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ബിസിനസ് ഏറ്റെടുക്കാൻ പിതാവ് ആവശ്യപ്പെട്ടു. പിതാവ് മരിക്കുന്നതുവരെ അഞ്ച് വർഷം ആ ജോലി ഏറ്റെടുത്ത് മക്കളെയും പോറ്റി ജീവിതം മുന്നോട്ടുപോയി.














