ന്യൂയോര്‍ക്ക് : കര്‍ണാടക മംഗലാപുരത്തു നിന്നും ഇന്ത്യന്‍ നിര്‍മ്മിത മഹീന്ദ്രാ സ്‌കോര്‍പിയോ എസ്.യു.വി. കാര്‍ റോഡ് മാര്‍ഗ്ഗം മൂന്നു ഭൂഖണ്ഡങ്ങളിലെ എഴുപതോളം രാജ്യങ്ങളിലൂടെ അരലക്ഷം കിലോമീറ്റര്‍ ഓടിച്ച് ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന അതി സാഹസിക യാത്രക്കാരന്‍ മുഹമ്മദ് സിനാന് (30) ന്യൂയോര്‍ക്ക് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു. ഒരു വര്‍ഷത്തിലധികമായി തന്റെ സാഹസിക യാത്ര ആരംഭിച്ച് മൂന്ന് ഭൂഖണ്ഡങ്ങള്‍ താണ്ടി മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത സാഹസികത കാഴ്ച വെച്ച സിനാനെ സെനറ്റര്‍ കെവിന്‍ മുക്തകണ്ഠം പ്രശംസിച്ചു. സെനറ്റര്‍ കെവിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലയസണ്‍ ഓഫീസര്‍ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാം തന്റെ സുഹൃത്തുക്കളുമൊത്ത് സംഘടിപ്പിച്ച അനുമോദന മീറ്റിങ്ങിലാണ് സെനറ്റര്‍ പ്രശംസാ പത്രം സമ്മാനിച്ചത്. ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റ് മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന ഹൃസ്വ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഇത്രയും സാഹസികമായ യാത്ര ചെയ്ത് ഇവിടെയെത്തിയ മുപ്പതുകാരനായ യുവാവിനെ അഭിനന്ദിച്ചു. ‘ഇന്ത്യന്‍ പതാകയും വഹിച്ച് ഇന്ത്യന്‍ ടൂറിസത്തിന്റെ സന്ദേശവും ആലേഖനം ചെയ്ത ഇന്ത്യന്‍ നിര്‍മ്മിത വാഹനത്തില്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും റോഡുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ യശ്ശസ്സ് ഉയര്‍ത്താന്‍ സാധിച്ച എനിക്ക് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ സെനറ്ററില്‍ നിന്നും പ്രശംസാ പത്രം ലഭിച്ച ഈ അവസരം ജീവിതത്തിലെ അമൂല്യ നിമിഷമാണ്. ഞാന്‍ അതില്‍ ഏറ്റവുമധികം അഭിമാനിക്കുന്നു’ പ്രശംസാ പത്രം സ്വീകരിച്ചതിനു ശേഷം സിനാന്‍ വികാരഭരിതനായി പറഞ്ഞു.
സെനറ്ററിന്റെ ഉപദേശക സമിതി അംഗമായ അജിത് കൊച്ചൂസും ബിജു ചാക്കോയും ഈ അതിസാഹസിക യാത്രികനെ കാണുവാന്‍ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറലിന്റെ പ്രശംസയും ലഭിക്കുവാന്‍ കിട്ടിയ അവസരം ജീവിതത്തിലെ അഭിമാന നിമിഷങ്ങളില്‍ മറ്റൊന്നായിരുന്നു എന്ന് സിനാന്‍ എല്ലാവരോടുമായി സന്തോഷം പങ്കിടുന്ന അവസരത്തില്‍ പറഞ്ഞു. അഭിനന്ദിക്കാന്‍ എത്തിയവരുമൊരുമിച്ചു തന്റെ അഭിമാന വാഹനത്തോട് ചേര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം സ്‌നേഹസല്‍ക്കാരത്തിലും പങ്കെടുത്ത് സാഹസികയാത്ര തുടരുന്നതിനായി മുഹമ്മദ് സിനാന്‍ അടുത്ത സ്ഥലത്തേക്ക് യാത്ര തുടര്‍ന്നു.











