ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാര്‍ഷികാഘോഷം ഫെബ്രുവരി 19 തിങ്കളാഴ്ച (ഇന്ന് ) രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ സഭയിലെ എല്ലാ ബിഷപ്പുന്മാരും പങ്കെടുക്കും. തുടര്‍ന്ന് 9 മണിക്ക് നടക്കുന്ന ജന്മവാര്‍ഷികാഘോഷ സമ്മേളനം ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മാര്‍ത്തോമ്മാ സഭയുടെയും, നിരണം – മാരാമണ്‍ ഭദ്രാസനത്തിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സി. എസ്. ഐ മദ്ധ്യ കേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, നിരണം – മാരാമണ്‍ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, സഭാ കൗണ്‍സില്‍ അംഗം ജോര്‍ജ് ജേക്കബ്, ഭദ്രാസന കൗണ്‍സില്‍ അംഗം സൂസമ്മ സാമുവേല്‍, എന്നിവര്‍ പ്രസംഗിക്കും. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലിത്താ പ്രാരംഭ പ്രാര്‍ത്ഥനയും സീനിയര്‍ വികാരി ജനറാള്‍ വെരി റവ. ജോര്‍ജ് മാത്യു സമാപന പ്രാര്‍ത്ഥനയും നടത്തും. മാര്‍ത്തോമ്മാ സഭയുടെയും നിരണം – മാരാമണ്‍ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പദ്ധതികളെപ്പറ്റി സഭാ അത്മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ സഖറിയ കോമാട്ട്, നിരണം-മാരാമണ്‍ ഭദ്രാസന ട്രഷറാര്‍ അനീഷ് കുന്നപ്പുഴ എന്നിവര്‍ വിശദീകരിക്കും. സഭയുടെ വൈദീക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേല്‍ സഭയുടെ ആദരവ് സമര്‍പ്പിക്കും.
നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തെ പ്രതിനിധികരിച്ച് ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് 75-ാം ജന്മദിനവാര്‍ഷികം ആഘോഷിക്കുന്ന മുന്‍ ഭദ്രാസനാധ്യക്ഷന്‍ കൂടിയായ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തായ്ക്ക് നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സിലിന്റെയും, എല്ലാ വൈദീകരുടെയും, സഭാ വിശ്വാസികളുടെയും പേരിലുള്ള ജന്മദിനാശംസകള്‍ നേരുന്നതായി ഭദ്രാസനത്തിനു വേണ്ടി സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം അറിയിച്ചു.











