ന്യൂഡല്‍ഹി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന “ദില്ലി ചലോ” മാര്‍ച്ചില്‍ സംഘര്‍ഷം. ട്രാക്‌ടറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലും കാല്‍നടയായും എത്തിയ കര്‍ഷകരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കര്‍ഷകര്‍ പിന്തിരിഞ്ഞില്ല. ഡ്രോണുകള്‍ ഉപയോഗിച്ചാണ് പോലീസ് കണ്ണീര്‍വാതകപ്രയോഗം നടത്തിയത്. കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പരിഭ്രാന്തരായി പരക്കംപായുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഗതാഗതതടസമുണ്ടാക്കാന്‍ സ്‌ഥാപിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ ട്രാക്‌ടറുകളുടെ സഹായത്തോടെ കെട്ടിവലിച്ചു നീക്കിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്കു മുന്നേറുന്നത്. ശംഭുവിലെ മേല്‍പ്പാലത്തില്‍ സ്‌ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കര്‍ഷകര്‍ താഴേക്കു വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുരുക്ഷേത്രയിലെ ബാരിക്കേഡുകളും കര്‍ഷകര്‍ തകര്‍ത്തു. കാല്‍നടയായെത്തിയ കര്‍ഷകരെ പലയിടത്തും പോലീസ് കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്‌ഥയുണ്ടാക്കി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിനുപുറമേ ജിന്ദ് അതിര്‍ത്തിയിലും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കര്‍ഷകര്‍ ഡല്‍ഹിയിലേക്കു മുന്നേറുന്നതു കണക്കിലെടുത്ത് തിക്രി അതിര്‍ത്തി പോലീസ് അടച്ചു. ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് “ദില്ലി ചലോ” മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയും കര്‍ഷകസംഘടനാ നേതാക്കളും തമ്മില്‍ തിങ്കളാഴ്‌ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്നലെ രാവിലെ മാര്‍ച്ച് ആരംഭിച്ചത്.











