ന്യൂഡല്‍ഹി : കേന്ദ്രത്തിലെയും ഹരിയാനയിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ കര്‍ഷകപ്രതിഷേധക്കാരെ തടയുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. കേന്ദ്രത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്‌തമാക്കി.
കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചര്‍ച്ച നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കര്‍ഷകസഹോദരങ്ങളേ, ഇന്നൊരു ചരിത്രദിനമാണ്.
സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം എല്ലാ കര്‍ഷകരുടെയും വിളകള്‍ക്കു താങ്ങുവില ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ 15 കോടി കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്ന തീരുമാനമാണിത്. നിയമവഴിയില്‍ കോണ്‍ഗ്രസിന്റെ ആദ്യ ഗ്യാരന്റിയാണിത്”- കിസാന്‍ ന്യായ് ഗ്യാരന്റി എന്ന ഹാഷ് ടാഗില്‍ രാഹുല്‍ ഗാന്ധി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
10 വര്‍ഷം മുമ്ബത്തെ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്‌ദം അടിച്ചമര്‍ത്തുകയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.











