ചൈനയിലെ ഹാങ്‌ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നാലാം സ്‌ഥാനത്തു തുടരുന്നു. 13 സ്വര്‍ണവും 20 വെള്ളിയും 19 വെങ്കലവും അടക്കം 52 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. 130 സ്വര്‍ണ മെഡലുകള്‍ നേടിയ ചൈന ഒന്നാം സ്‌ഥാനത്തു തുടരുകയാണ്. 72 വെള്ളിയും 39 വെങ്കലവും അടക്കം 241 മെഡലുകാളാണ് അവര്‍ നേടിയത്. ദക്ഷിണ കൊറിയ ജപ്പാനെ മറികടന്നു രണ്ടാം സ്‌ഥാനത്തു തിരിച്ചെത്തി. 30 സ്വര്‍ണവും 35 വെള്ളിയും 59 വെങ്കലവും അടക്കം 124 മെഡലുകളാണു കൊറിയക്കാര്‍ നേടിയത്. മൂന്നാം സ്‌ഥാനത്തുള്ള ജപ്പാന്‍ 29 സ്വര്‍ണവും 41 വീതം വെള്ളിയും വെങ്കലവും അടക്കം 111 മെഡലുകള്‍ നേടി.
അത്‌്്‌ലറ്റിക്‌സ് പുരുഷ വിഭാഗം ലോങ് ജമ്ബില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ വെള്ളി നേടി. 1500 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ വെങ്കലവും നേടി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി നേട്ടം. ശ്രീശങ്കറിന്റെ ആദ്യ ചാട്ടം ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്‌തു. നാലാം ശ്രമത്തിലാണു 8.19 മീറ്റര്‍ ചാടി വെള്ളി നേടിയത്. മലയാളി താരത്തിന്റെ അഞ്ചാമത്തെ ശ്രമവും ഫൗളായി. ആറാമത്തേതില്‍ 8.19 മീറ്റര്‍ കടക്കാനായില്ല.
8.22 മീറ്റര്‍ ചാടിയ ചൈനയുടെ വാങ് സ്വര്‍ണം നേടി. ചൈനയുടെ തന്നെ ഷി യുഹാവോയ്‌ക്കാണു വെങ്കലം. ഫൈനല്‍ റൗണ്ടിലുണ്ടായിരുന്ന ഇന്ത്യന്‍ താരം ജെസ്വിന്‍ ആല്‍ഡ്രിന്‍ നിരാശപ്പെടുത്തി. 7.76 മീറ്റര്‍ വരെ ചാടിയ ജെസ്വിന്‍ എട്ടാം സ്‌ഥാനക്കാരനായി. യോഗ്യതാ റൗണ്ടിലും ജെസ്വിന്‍ നിറംമങ്ങിയിരുന്നു. 2018 ലെ ജക്കാര്‍ത്ത ഗെയിംസില്‍ ആറാം സ്‌ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഏഷ്യന്‍ ചാമ്ബ്യന്‍ താജീന്ദര്‍ പാല്‍ സിങ് ടൂര്‍ ഷോട്ട് പുട്ടിലും അവിനാശ് സാബ്‌ലെ 3000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചേസിലും സ്വര്‍ണം നേടിയതിനു പിന്നാലെയാണു ശ്രീശങ്കറിന്റെ വെള്ളിത്തിളക്കമെത്തിയത്. 1500 മീറ്റര്‍ ഓട്ടത്തില്‍ അജയ് കുമാര്‍ സരോജ് വെള്ളി നേടി. ഏഷ്യന്‍ ചാമ്ബ്യനായ അജയ് കുമാര്‍ മൂന്ന് മിനിറ്റ് 38.94 സെക്കന്‍ഡിലും 2018 ലെ സ്വര്‍ണ ജേതാവ് ജിന്‍സണ്‍ മൂന്ന് മിനിറ്റ് 39.74 സെക്കന്‍ഡിലുമാണു ഫിനിഷ് ചെയ്‌തത്. ഖത്തറിന്റെ മുഹമ്മദ് അല്‍ഗാര്‍ണി മൂന്ന് മിനിറ്റ് 38.36 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.
വനിതകളില്‍ ദേശീയ റെക്കോഡിന് ഉടമയായ ഹര്‍മിലന്‍ ബെയ്‌ന്‍സ് നാല് മിനിറ്റ് 12.74 സെക്കന്‍ഡില്‍ വെങ്കലം നേടിയിരുന്നു. ഹര്‍മിലന്റെ മാതാപിതാക്കകളും മധ്യദൂര ഓട്ടക്കാരായിരുന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ വെറ്ററന്‍ താരം സീമാ പൂനിയ 58.62 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി 12 .91 സെക്കന്‍ഡില്‍ വെള്ളി നേടി. യാരാജി മൂന്നാം സ്‌ഥാനത്താണു ഫിനിഷ് ചെയ്‌തെങ്കിലും രണ്ടാം സ്‌ഥാനക്കാരിയായ ചൈനയുടെ വു യാനിയെ അയോഗ്യയാക്കി. ചൈനയുടെ ലിന്‍ യുവീ 12.74 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.











