Home ഗൾഫ് മമ്മൂട്ടിയുടെ ഫാമിലി കണക്‌ട് പദ്ധതി ഏറ്റെടുത്ത് ദുബായ് മലയാളികള്‍

മമ്മൂട്ടിയുടെ ഫാമിലി കണക്‌ട് പദ്ധതി ഏറ്റെടുത്ത് ദുബായ് മലയാളികള്‍

304
0

ദുബായ് : മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രവാസികള്‍ക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്‌ട് ഇനി മുതല്‍ ദുബായിലും. പദ്ധതിയുടെ ദുബായിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ യുഎഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഹിസ് എക്സലൻസി ഡോ. മുഹമ്മദ് സയ്യിദ് അല്‍ കിന്ദി ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രവാസികള്‍ക്കായുള്ള മമ്മൂട്ടിയുടെ ഫാമിലി കണക്‌ട് പദ്ധതി തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്നും, അത് പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ഡോ. അല്‍ കിന്ദി പറഞ്ഞു. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് എന്നറിഞ്ഞതിനും, അവ ദുബായ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതില്‍ തന്റെ സ്നേഹവും സന്തോഷവും മമ്മൂട്ടിയെ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ ഗവണ്‍മെന്റിന്റെ നയതന്ത്രജ്ഞൻ, മന്ത്രി എന്നീ നിലകളിലും യു.എൻ പ്രവര്‍ത്തനരംഗത്തും സജീവ സാന്നിധ്യം വഹിച്ച ഡോ. അല്‍ കിന്ദി സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവര്‍ത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു.

ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ ഫാമിലി കണക്‌ട് പദ്ധതി സാധ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ദുബായ് മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സിറിയൻ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഫാ. സോജൻ പട്ടശ്ശേരില്‍, മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ്, അംഗങ്ങളായ സാനിയാസ്, ജാഫര്‍, ജോസ്ഫിൻ, റാഷിദ് എന്നിവരും പങ്കെടുത്തു.

Previous articleഗോ ഫസ്റ്റ് ഫ്ലൈറ്റുകള്‍ ജൂലൈ 16 വരെ റദ്ദാക്കി ; ബുക്കിങ് ഉടനെ പുന:രാരംഭിക്കുമെന്ന് എയര്‍ലൈന്‍
Next articleപ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്

Leave a Reply