തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് ആശ്വാസമായി വെർച്വൽ ക്യൂ ബുക്കിംഗിൽ കൂടുതൽ പേർക്ക് അവസരം നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് അധികമായി ദർശനത്തിന് അനുമതി നൽകും. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർധന വരുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ പേർക്ക് സുഗമമായി ദർശനം നടത്തുന്നതിനുമാണ് ബോർഡിന്റെ നടപടി. തീർഥാടകർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കാൻ മരക്കൂട്ടം മുതൽ സന്നിധാനം വരെ 2000 പൊലിസുകാരെ വിന്യസിച്ചതായി പൊലീസ് സ്പെഷൽ ഓഫീസർ ജി. ജയ്ദേവ് അറിയിച്ചു. കരുതൽ സേനാംഗങ്ങളും സംഘത്തിലുണ്ട്. ക്യൂ നിയന്ത്രിക്കുന്നതിനൊപ്പം സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 14 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പൊലിസുകാരെ വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. ശരംകുത്തിയിൽ 76 പേരെയും ക്യൂ കോംപ്ലക്സിൽ 118 പേരെയും മരക്കൂട്ടത്ത് 100 പേരെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.











