മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമംപള്ളിയിൽ ഏൽ റൂഹാ ബൈബിൾ കൺവെൻഷന്റെ രണ്ടാം ദിവസമായ ഇന്നലെ വിശ്വാസികളുടെ വൻ തിരക്ക്. കടലുണ്ടി ഏൽ റൂഹാ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ വചന പ്രഘോഷണവും ആരാധനയും നയിച്ചു. സിഎംഐ സഭയുടെ വികാരി ജനറൽ ഫാ. ബെന്നി നൽക്കരയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാ. സിറിൾ കളരിക്കൽ, ഫാ. ജോഷി തേവലക്കര സിഎംഐ എന്നിവർ സഹകാർമികരായിരുന്നു.
ഇന്ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺവെൻഷൻ ആരംഭിക്കും. 4.30ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് തയ്യിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഫാ. ജയ്ജിൻ കല്ലൂരം സിഎംഐ, ഫാ. ജോച്ചൻ കുറുപ്പശേരി സിഎംഐ എന്നിവർ സഹകാർമികരാകും.തുടർന്ന് ഫാ. റാഫേൽ കോക്കാടൻ സിഎംഐ വചനപ്രഘോഷണം നടത്തും. ആരാധനയ്ക്കു ശേഷം ഒമ്പതിന് കൺവെൻഷൻ സമാപിക്കും.
കൺവെൻഷൻ ഞായറാഴ്ച സമാപിക്കും. കൺവെൻഷൻ പന്തലിൽ രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. വിപുലമായ പാർക്കിംഗ് സൗകര്യവും മാന്നാനത്തുനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്പിരിച്വൽ ഷെയറിംഗിനും 10 മുതൽ മൂന്നു വരെ കുമ്പസാരത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.ശനിയും ഞായറും ആശ്രമം പള്ളിയിൽ തിരുക്കർമങ്ങൾ പതിവുപോലെ നടക്കുമെന്ന് പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ അറിയിച്ചു.











