ജറുസലെം: നാടകീയനീക്കങ്ങളുമായി ഇസ്രയേൽ പ്രതിപക്ഷസഖ്യ നേതാവ് ഗാദി ഐസൻകോട്ട്. തന്റെ സഖ്യസർക്കാരിൽ ചേരാൻ ഐസൻകോട്ട് എതിരാളി ബെഞ്ചമിൻ നെതന്യാഹുവിനെയും ക്ഷണിച്ചു. ഇതോടെ സർക്കാർ രൂപവത്കരണം അവസാന നിമിഷം അടിമുടി നാടകീയമായി. ഞായറാഴ്ച പ്രസിഡന്റ് ഇസാക് ഹെർസോഗന്റെ ഓഫിസിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിലാണ് നെതന്യാഹുവിനെയും തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനെയും തന്റെ സർക്കാരിൽ ചേരാൻ സ്വാഗതം ചെയ്യുന്നതായി ഐസൻകോട്ട് പറഞ്ഞു.“ഐക്യത്തിനുള്ള സമയമാണിതെന്ന് ലിക്കുഡ്, റിലീജിയസ് സയണിസ്റ്റ് പാർട്ടി എന്നിവയിലെ അംഗങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, എന്റെ സർക്കാരിനെ പിന്തുണയ്ക്കാതിരിക്കാൻ ഒരു കാരണവും കാണാൻ കഴിയുന്നില്ല”ഐസൻകോട്ട് പറഞ്ഞു. പൊതുജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും ഇസ്രേലി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നും ചടങ്ങിൽ ഐസൻകോട്ട് വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം രാജ്യം അനിശ്ചിതത്വങ്ങളെ നേരിടുകയാണെന്ന് ഹെർസോഗ് മുന്നറിയിപ്പ് നൽകി.














