നോർത്താംപ്ടൺ: യുകെയിൽ കുന്നംകുളത്തും നിന്നുമെത്തിയ പ്രവാസി കുടുംബങ്ങളുടെ പ്രഥമ സംഗമം ഗംഭീരമായി. “യുകെ കുന്നംകുളത്തുകാർ’ കൂട്ടായ്മയുടെ പ്രഥമ ഒത്തുചേരലിനും “മിനി പെരുന്നാൾ’ ആഘോഷത്തിനും നോർത്താംപ്ടൺ മന്ന ബോൾ റൂം വേദിയായി. വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ച മിനിപെരുന്നാളിൽ കുന്നംകുളം സ്വദേശികളും കുടുംബങ്ങളുമായി ചേർന്നൊരുക്കിയ സ്നേഹസംഗമം വലിയ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി. ചെണ്ടമേളം, വയലിൻ ഫ്യൂഷൻ, ഡിജെ നൈറ്റ്, കലാപരിപാടികൾ അടക്കം ആകർഷകങ്ങളായ പരിപാടികൾ കോർത്തിണക്കി ഒരുക്കിയ സംഗമം വർണാഭമായി. പ്രഥമ ഒത്തുചേരലിനോട് അനുബന്ധിച്ച് നടന്ന മീറ്റിംഗിൽ അംഗങ്ങളുടെ താത്പര്യം പരിഗണിച്ച് “ആഘോഷിക്കാം ഒപ്പം ആശ്വസിപ്പിക്കാം’ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് “സ്നേഹപൂർവ്വം യുകെ കുന്നംകുളത്തുകാർ’ എന്ന പേരിൽ പുതിയ ചാരിറ്റി പ്രോഗ്രാമിനും ഔദ്യോഗിക തുടക്കം കുറിച്ചു. ജീവ കാരുണ്യ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കുന്നംകുളത്തെ അർഹരായ 10 പേർക്ക് സൗജന്യമായി ഡയാലിസിസ് സഹായം എത്തിച്ചുനൽകുമെന്ന് സംഘാടകർ അറിയിച്ചു.വിവിധ കാരുണ്യ പ്രവർത്തന ആശയങ്ങൾ ചർച്ചയിൽ വന്നെങ്കിലും നാടിന്റെ ആരോഗ്യപ്രശ്നങ്ങളിൽ പ്രവാസലോകത്തിരുന്നുകൊണ്ട് നേരിട്ട് ഇടപെടാനുള്ള ഈ മാതൃകാപരമായ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
കോഓർഡിനേറ്റർമാരായ ഇമ്മാനുവേൽ ഗ്രിഗറി, നിതുൻ ജെ. പനക്കൽ, കനീഷ് വിനോയ് ചെമ്മണ്ണൂർ, ലിവിൻ ചെമ്മണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുന്നംകുളത്തിന്റെ ചരിത്രവും പാരമ്പര്യവും കോർത്തിണക്കിക്കൊണ്ട് ഓൾഗ പ്രകാശ് പുലിക്കോട്ടിൽ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധയമായി. മിനി പെരുന്നാൾ ആഘോഷങ്ങൾക്ക് പുറമെ, ഭാവിയിൽ കൂടുതലായ സഹായങ്ങളും ജീവ കാരുണ്യപ്രവർത്തികളും ഉൾക്കൊള്ളിച്ച് മികച്ച ചാരിറ്റി പദ്ധതികൾ ഈ പ്രഥമ യുകെ മീറ്റപ്പിൽത്തന്നെ അവതരിപ്പിക്കുവാൻ കഴിഞ്ഞത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വിഭവ സമൃദ്ധമായ നാടൻ ഭക്ഷണവും മാസ്മരികത വിരിയിച്ച കലാപരിപാടികളും അതിലേറെ ഹൃദയസ്പർശിയായ പരിചയം പുതുക്കലും പങ്കുവയ്ക്കലുമായി “യുകെ കുന്നംകുളത്തുകാർ’ തങ്ങളുടെ പ്രഥമ സംഗമം കാരുണ്യത്തിന്റെയും ആഹ്ലാദത്തിന്റെയും വേദിയാക്കുകയായിരുന്നു.














