വാഷിങ്ടണ്‍ : യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷം ചർച്ചകളിലൂടെയോ മറ്റൊരു സൈനിക നീക്കത്തിലൂടെയോ ഉടൻ തന്നെ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൈറ്റ് സൈഡ് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്കിന് നല്കിയ അഭിമുഖത്തിലാണ് യുഎസ് നീക്കങ്ങള്‍ വൻ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടത്. ഏതെങ്കിലും ഒരു വഴിയിലൂടെ യുഎസ് ഈ സംഘർഷത്തിന് ഉടൻ അറുതിവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ വലിയൊരു വിജയം നേടിയിട്ടുണ്ട്. എങ്ങനെയെങ്കിലും ഈ വിഷയം ഞങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കും. ഒന്നുകില്‍ അവർ കരാറിലെത്തും, അല്ലെങ്കില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കും. ഒരുപക്ഷേ എളുപ്പമുള്ള വഴിയിലൂടെയെന്ന് പറയാം,” മുൻ സൈനിക നടപടികളേക്കാള്‍ ഫലപ്രദമായിരിക്കും പുതിയ നീക്കമെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി. അയോവയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ, നിശ്ചിതമല്ലാത്ത ഒരു ഘട്ടത്തില്‍ ഇറാനെതിരെ കടുത്ത പ്രഹരം ഏല്‍പ്പിക്കേണ്ടി വന്നേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. “ഇറാനെതിരായ നീക്കങ്ങള്‍ ഞാൻ ഇതുവരെ പൂർത്തിയാക്കാത്തതിന് കാരണം നല്ല രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. സാധിക്കുമെങ്കില്‍ ആ ജീവനുകളൊക്കെ രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു… എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഞങ്ങള്ക്കവർക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കേണ്ടി വരും,” ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പ്രവർത്തരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
നെതന്യാഹുവുമായി ചർച്ച നടത്തി; ഇറാൻ വിഷയവും ചർച്ചയായെന്ന് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായും ചർച്ച വളരെ മികച്ചതായിരുന്നു എന്നും ട്രംപ് സ്ഥിരീകരിച്ചു. സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും, ഇരുനേതാക്കളും ചർച്ച ചെയ്ത വിഷയങ്ങളില്‍ ഇറാനും ഉള്‍പ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ആക്സിയോസ് വാർത്താ പോർട്ടല്‍ റിപ്പോർട്ട് ചെയ്തു. നയതന്ത്ര ചർച്ചകള്‍ക്ക് വിജയിക്കാൻ അവസരം നല്‍കണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്നും, എന്നാല്‍ ഇറാനെതിരെ ഉടനടി സൈനിക ആക്രമണം നടത്തണമെന്ന് നെതന്യാഹു സമ്മർദ്ദം ചെലുത്തിയെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.













