ബെർലിൻ: യൂറോപ്പിൽ വീശിയടിച്ച ‘ഓസ്റ്റൻ’, ‘ബോലോ’ കൊടുങ്കാറ്റുകളിൽ വ്യാപക നാശനഷ്ടം. ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ജനജീവിതം പൂർണമായി തടസപ്പെട്ടു. ശക്തമായ കാറ്റിൽ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും, നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് വീടുകളിൽ ഇരുട്ട്
കൊടുങ്കാറ്റിന്റെ ആഘാതത്തിൽ ഫ്രാൻസിൽ 60,000-ത്തോളം വീടുകളിലും, ജർമ്മനിയിൽ 10,000-ത്തോളം വീടുകളിലും, ബ്രിട്ടനിൽ 82,000-ത്തിലധികം വീടുകളിലും വൈദ്യുതി മുടങ്ങി.
ഫ്രാൻസിൽ കൊടുങ്കാറ്റ് മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ഏകദേശം 288,000 വീടുകൾ ഇരുട്ടിലായിരുന്നു. നോർമാണ്ടി, ബ്രിട്ടനി മേഖലകളിലാണ് വൈദ്യുതി വിതരണം ഏറ്റവും കൂടുതൽ തടസപ്പെട്ടത്.
ജർമനിയെ ബാധിച്ചു
ജർമനിയിലെ ഫ്രൈബർഗ്-ബ്രൈസ്ഗൗ പ്രദേശത്ത് ഞായറാഴ്ചയുണ്ടായ കാറ്റിൽ 10,000-ത്തോളം വീടുകളിൽ വൈദ്യുതി നിലച്ചു. മൊബൈൽ ഫോൺ ശൃംഖലകളും തകർന്നതിനെ തുടർന്ന് അവിടുത്തെ പ്രധാന ആശുപത്രി അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ താൽക്കാലികമായി പരിമിതപ്പെടുത്തി.നാസ്റ്റാട്ടൻ (Nastatten) നഗരത്തിൽ ശരത്കാല ചന്തയ്ക്കിടെ കാറ്റിൽ സ്കാഫോൾഡിംഗ് തകർന്നു വീണ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ വടക്കൻ തീരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രിട്ടനിലും നെതർലാൻഡ്സിലും വ്യോമഗതാഗതം സ്തംഭിച്ചു
സ്കോട്ട്ലൻഡിലെ ആർഗിൽ, ബ്യൂട്ട് എന്നിവിടങ്ങളിൽ മണിക്കൂറില് 135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി. റോഡുകളിലും റെയിൽവേ ലൈനുകളിലും മരങ്ങൾ കടപുഴകി വീണു.
ആംസ്റ്റർഡാമിലെ ഷിപ്ഹോൾ (Schiphol) ഉൾപ്പെടെയുള്ള പ്രമുഖ വിമാനത്താവളങ്ങളിൽ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ബെൽജിയത്തിലും കനത്ത നാശം
ബെൽജിയത്തിലെ ബ്രസൽസിൽ ശനിയാഴ്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നാല് പേർക്ക് പരിക്കേറ്റു. ആഗോള താപനില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.യൂറോപ്പിൽ പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയ ഈ പ്രകൃതിക്ഷോഭത്തിന്റെ ആശങ്കയിലാണ് ഇപ്പോൾ നഗരങ്ങളും ഭരണകൂടങ്ങളും.













