കോട്ടയം: ദേശീയപാതകളായ 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉറപ്പുനൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം അങ്കമാലി–കുണ്ടന്നൂർ ബൈപാസിൽ എത്തിച്ചേരുന്ന വിധത്തിലാണ് റോഡ് നിർദ്ദേശിച്ചിരിക്കുന്നത്.
കോട്ടയം–കൊച്ചി റൂട്ടിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് എം.പി. ചൂണ്ടിക്കാട്ടി. ദേശീയപാതാ വിഭാഗത്തിന്റെ കണക്കനുസരിച്ച് ഈ റൂട്ടിലെ പ്രതിദിന ഗതാഗതം റോഡിന്റെ ശേഷിയുടെ ഒൻപത് ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ 60 കിലോമീറ്റർ യാത്രയ്ക്ക് മൂന്നുമണിക്കൂറിലധികം വേണ്ടിവരുന്ന സാഹചര്യവുമുണ്ട്.
ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിക്കുന്ന ഇടനാഴി നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. റോഡ് നിർമ്മാണം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ലോക്സഭയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയതെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചു.
പരിസ്ഥിതിക്കും കൃഷിക്കും ദോഷമുണ്ടാകാതെയും നീരൊഴുക്കിന് തടസ്സമുണ്ടാകാതെയും ഉയർത്തിയ പാതയായി റോഡ് നിർമ്മിക്കാമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളതെന്ന് എം.പി. പറഞ്ഞു. ഈ രീതിയിൽ പദ്ധതി നടപ്പാക്കുന്നത് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡ് ദേശീയപാതയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ ആവശ്യമാണ്. ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പഠനസംഘത്തെ അയക്കുമെന്ന് എം.പി. അറിയിച്ചു.
പദ്ധതി യാഥാർഥ്യമായാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കും. മധ്യകേരളത്തിലെ ഗതാഗതം, വ്യാപാരം, വ്യവസായം എന്നീ മേഖലകൾക്കും ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കുമരകം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലേക്കുമുള്ള യാത്ര സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.











