ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും തമിഴക വെട്രി കഴകം മുന്നേറുകയാണ്. അണ്ണാ ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളിലാണ് ടിവികെയുടെ മുന്നേറ്റം. 2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധാരാപുരത്ത് മൂന്നാം സ്ഥാനത്തായിരുന്നു ടിവികെ. അതേസമയം പശ്ചിമ ബംഗാളിലും അസമിലും ബിജെപി ലീഡുനേടി. നന്ദിഗ്രാമിൽ 1,900 വോട്ടുകളുടെ ലീഡുമായി ബിജെപി മുന്നിലാണ്. റെജിനഗർ മണ്ഡലത്തിലും 900 വോട്ടുകളുടെ ലീഡുമായി ബിജെപി മുന്നേറുകയാണ്.
തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അസമിൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിയാണ് ലീഡ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെത്തുടർന്ന് രാജിവെച്ച തട്ടാഞ്ചാവടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് സീറ്റ് നിലനിർത്തി. 8,482 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാർട്ടി വിജയിച്ചത്. എൻആർ കോൺഗ്രസ് സ്ഥാനാർഥി 13,358 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 4,876 വോട്ടുകൾ ലഭിച്ചു. 2,664 വോട്ടുകൾ നേടിയ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്.











