ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ നോർത്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നോർത്രിഡ്ജിന് സമീപമാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി പാർട്ടി നടക്കുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്. രാത്രി 11ന് തൊട്ടുമുമ്പ് വലിയൊരു പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലോസ് ആഞ്ചലസ് പൊലിസ് (LAPD) സ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ നിരവധി വെടിയൊച്ചകൾ കേട്ടു. വെടിവയ്പിനിടയിൽ ഒരാൾക്ക് കുത്തേറ്റതായും വിവരമുണ്ട്. സംഭവസ്ഥലത്ത് നിന്ന് നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യവിച്ചിട്ടുണ്ട്. നോർത്രിഡ്ജ് നോർഡോഫ് സ്ട്രീറ്റിലാണ് (18400 ബ്ലോക്ക്) സംഭവം നടന്നത്. വെടിവയ്പ്പിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമല്ല. സംശയാസ്പദമായ വിവരങ്ങളോ പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങളോ പൊലിസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.












