Home ഇന്ത്യ 2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; അമിത് ഷാ

2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; അമിത് ഷാ

47
0

മുംബൈ : 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ചില സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള എൻഡിഎ ഭരണപ്രദേശങ്ങളിലും വൈകാതെ ഇത് നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. “2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന എല്ലാ 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പിലാക്കുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്” എന്നാണ് അമിത് ഷാ പറഞ്ഞത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീളുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അമിത് ഷാ അറിയിച്ചു. 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ് നരേന്ദ്ര മോദിയെന്നും ഇത്രയും കാലം സേവനം ചെയ്ത നേതാക്കൾ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ സാഹചര്യം എന്നിവ സർക്കാർ കൈകാര്യം ചെയ്ത രീതിയും അമിത് ഷാ എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയായിരുന്ന ദീർഘകാല പ്രശ്നങ്ങളാണിവയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Previous articleട്രംപിന്റെ അയർലൻഡ് സന്ദർശനം ; ഡബ്ലിനിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്
Next articleഅമേരിക്കൻ വിമാനത്താവളങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അധിക പരിശോധന ; ഇൻസ്റ്റഗ്രാം പ്രൊഫൈലും ഫോളോ ചെയ്യുന്നവരുടെ പട്ടികയും പരിശോധിച്ചു.

Leave a Reply