വത്തിക്കാൻ സിറ്റി: യുക്രെയ്നിൽ തുടരുന്ന ആക്രമണസംഭവങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. യുക്രേനിയൻ നഗരങ്ങൾക്കുനേരേ നടക്കുന്ന ശക്തമായ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ‘തകരുന്ന ഹൃദയത്തോടെയാണ്’താൻ കാണുന്നതെന്ന് ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെ മാർപാപ്പ പറഞ്ഞു. വർഷങ്ങളായി ഭയത്തിലും ഭീതിയിലും കഴിയുന്ന ആ ജനതയുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ തന്റെ ഹൃദയം തകരുകയാണെന്നു പറഞ്ഞ മാർപാപ്പ, അക്രമവും നശീകരണവും അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് മനസ് തുറക്കണമെന്നും അഭ്യർഥിച്ചു.














