പാലാ: ഗുണമേന്മയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഓണക്കാലത്ത് ഉറപ്പു വരുത്താന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓണ വിപണി പാലാ അഗ്രിമ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു. ഏത്തയ്ക്കാ ചിപ്സ്, ശര്‍ക്കര വരട്ടി തുടങ്ങി പാലനോവ ഓണപ്പായസംവരെ ഓണവിപണിയില്‍ ലഭ്യമാണ്. സാമ്പാര്‍, അവിയല്‍ തുടങ്ങി കറികട്ടിങ്ങുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഓണവിപണിയുടെ ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിര്‍വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, പിആര്‍ഒ ഡാന്റീസ് കൂനാനിക്കല്‍, അഗ്രിമ മാര്‍ക്കറ്റ് മാനേജര്‍ ടോണി കണിപറമ്പില്‍, സൗമ്യ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.













