ഭരണങ്ങാനം: ആയിരങ്ങളിലേക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. തിരുനാള്‍ ദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും വിശുദ്ധ സഹനബലിയര്പ്പിച്ച ക്ലാരമഠത്തിലും അനുഗ്രഹം തേടിയെത്തിയത് പതിനായിരങ്ങളാണ്. തിരുനാളിന് കൊടിയേറിയതു മുതല്‍ രാപകല്‍ വ്യത്യാസമില്ലാതെ നാനാജാതി മതസ്ഥരായ ആളുകള്‍ അല്‍ഫോന്‍സ സവിധത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. അനുഗ്രഹവും സമാധാനവും പ്രത്യാശയും നിറഞ്ഞ ഹൃദയത്തോടെയാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്. തിരുനാള്‍ ദിവസങ്ങളില്‍ കബറിട പള്ളി24 മണിക്കൂറും തുറന്നിട്ടിരുന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ഭരണങ്ങാനം ഫൊറോന പള്ളിയില്‍നിന്നാരംഭിച്ച പ്രദക്ഷിണം തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും സംവഹിച്ചെത്തിയ പ്രദക്ഷിണവുമായി സംഗമിച്ച് ജപമാല പ്രദക്ഷിണമായി ടൗണ്‍ ചുറ്റി സമാപിച്ചു.
വിപുലമായ ക്രമീകരണങ്ങളാണ് ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തീര്‍ഥാടനകേന്ദ്രം ഒരുക്കിയിരുന്നത്. 101 അംഗ വോളണ്ടിയര്‍മാരും പോലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രഥമ ശുശ്രൂഷാ ടീമും സഹായങ്ങള്‍ നല്കി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഡോ. അഗസ്റ്റിന് പാലയ്ക്കപറമ്പില്‍, അഡ്മിനിസ് ട്രേറ്റര് ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, വൈസ് റെക്ടര്‍മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണിക്കര, ഫാ. ജോസഫ് പൊയ്യാനിയില്‍, സ്പിരിച്വല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉച്ചയ്ക്ക് നടത്തിയ ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. തോമസ് ഓലിക്കല്‍, ഫാ. സ്കറിയാ വേകത്താനം, ഫാ. അലക്സാണ്ടര്‍ പൈകട, ഫാ. മാത്യു വെട്ടുകല്ലേല്‍ എന്നിവര്‍ നേതൃത്വം നല്കി. അല്ഫോന്സിയന് പ്രാര്‍ഥനാദിനമായി ആചരിച്ച പ്രധാന തിരുനാള്‍ ദിനം സഭകള്‍ക്കും ലോകസമാധാനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കപറമ്പില്‍, ഫാ. കുര്യാക്കോസ് നരിതൂക്കില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫാ. കുര്യാക്കോസ് പുളിന്താനം, ഫാ. എമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. ഡോ. എമ്മാനവേല് പാറേക്കാട്ട്, ഫാ. ഡോ. ജോണ്‍ കണ്ണന്താനം, ഫാ. ആന്റണി വാഴക്കാലായില്‍, ഫാ. ജോണ്‍ ചാവേലില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ ഇന്നലെ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ച് സന്ദേശം നല്കി.













