Home ഇന്ത്യ ആന്‍ മരിയയ്‌ക്കായി വഴിയൊരുക്കി നാട്‌ , കട്ടപ്പന ടു കൊച്ചി 2.40 മണിക്കൂര്‍

ആന്‍ മരിയയ്‌ക്കായി വഴിയൊരുക്കി നാട്‌ , കട്ടപ്പന ടു കൊച്ചി 2.40 മണിക്കൂര്‍

301
0

കട്ടപ്പന : പ്രഭാത കുര്‍ബാനയ്‌ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ കുഴഞ്ഞുവീണ 17 വയസുകാരിയെ അടിയന്തരമായി കൊച്ചിയിലെത്തിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ നാട്‌. കട്ടപ്പന നത്തുകല്ല്‌ പാറയില്‍ ജോയിയുടെ മകള്‍ ആന്‍ മരിയയുടെ ജീവനുവേണ്ടിയാണ്‌ രണ്ട്‌ ജില്ലകളിലെ സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസും സന്നദ്ധ സംഘടനകളും നാട്ടുകാരും കൈമേയ്‌ മറന്ന്‌ രംഗത്തിറങ്ങിയത്‌. കട്ടപ്പനയില്‍നിന്നു കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കുള്ള 132 കിലോമീറ്റര്‍ ദൂരം രണ്ട്‌ മണിക്കൂര്‍ 40 മിനിറ്റുകള്‍ കൊണ്ട്‌ പിന്നിട്ടാണ്‌ ദൗത്യസംഘം ആന്‍ മരിയയെ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ചത്‌. പ്ലസ്‌ ടു പഠനം കഴിഞ്ഞ്‌ കുട്ടിക്കാനം മരിയന്‍ കോളജില്‍ ഉപരിപഠനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ആന്‍ മരിയ. ഇതിനിടെ കഴിഞ്ഞ ദിവസം പിതാവ്‌ ജോയിയുടെ അമ്മ മോനി ഏബ്രഹാം മരിച്ചു. 31 നു സംസ്‌കാരച്ചടങ്ങുകള്‍ അവസാനിക്കുന്നതുവരെ കൃത്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ആന്‍ മരിയയും എല്ലാ ചടങ്ങുകളിലുംപങ്കാളിയായിരുന്നു.

ഇത്‌ ആന്‍ മരിയയെ ശാരീരികമായും തളര്‍ത്തി. ഇന്നലെ രാവിലെ ആറിനു പ്രഭാത കുര്‍ബാന കൂടുന്നതിനാണ്‌ ഇരട്ടയാര്‍ പള്ളിയിലെത്തിയത്‌. 6.30നു പള്ളിയില്‍ ആന്‍ തലകറങ്ങി വീണു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഹൃദയാഘാതമാണെന്ന്‌ കണ്ടെത്തിയതോടെ ഡോക്‌ടര്‍മാര്‍ ആന്‍ മരിയയെ അമൃത ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌ഥിതി മെച്ചപ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമായി. ഇതോടെ ആംബുലന്‍സും തയാറാക്കി, കാത്തിരിപ്പിലായി ബന്ധുക്കളും ആശുപത്രി വൃത്തങ്ങളും. വിവരം അറിഞ്ഞ മന്ത്രി റോഷി അഗസ്‌റ്റിന്‍ ആന്‍ മരിയയുമായി വരുന്ന ആംബുലന്‍സിന്‌ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതോടെ വാര്‍ത്ത വൈറലായി. ഇതോടെ സന്നദ്ധ സംഘടനകളും ഓട്ടോറിക്ഷാ ൈഡ്രവര്‍മാരും അടക്കം റോഡില്‍ നിലയുറപ്പിച്ചു. മന്ത്രി റോഷി അഗസ്‌റ്റിന്‍ തന്നെ പോലീസ്‌ മേധാവികളെയും അമൃത ആശുപത്രിയിലെ ഡോക്‌ടര്‍മാരെയും വിളിച്ച്‌ കാര്യങ്ങള്‍ ക്രമീകരിച്ചു. ആംബുലന്‍സിനു പോലീസ്‌ അകമ്ബടി വാഹനങ്ങളും ക്രമീകരിച്ചു.

കട്ടപ്പന സഹകരണ ബാങ്കിന്റെ ആംബുലന്‍സ്‌ രാവിലെ 11.30ന്‌ ആന്‍ മരിയയുമായി കൊച്ചിയിലേക്കു പുറപ്പെട്ടു. വാര്‍ത്ത അറിഞ്ഞ്‌ ആംബുലന്‍സിന്‌ വഴിയൊരുക്കാന്‍ ഓരോ സ്‌ഥലത്തും ആളുകള്‍ കാത്തുനിന്നു. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ആംബുലന്‍സ്‌ തൊടുപുഴയിലെത്തി. തുടര്‍ന്ന്‌ വൈറ്റില വഴി 2.20ന്‌ അമൃത ആശുപത്രിയിലെത്തി.
ൈഡ്രവര്‍മാരായ മണിക്കുട്ടന്‍, തോമസ്‌, നഴ്‌സുമാരായ ടിന്‍സ്‌, ബിബിന്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി. മന്ത്രി റോഷി അഗസ്‌റ്റിനും അമൃത ആശുപത്രിയിലെത്തി.

Previous articleകര്‍ണാടകയില്‍ കോണ്‍ഗ്രസിനായി തന്ത്രം മെനഞ്ഞ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം
Next articleഗോവയിലും വരുന്നു വന്ദേഭാരത് ; മുംബൈ-ഗോവ റൂട്ടില്‍ നാളെ മുതല്‍ ഓടി തുടങ്ങും ; ഫ്‌ളാഗ് ഓഫ് ചെയ്യുക പ്രധാനമന്ത്രി

Leave a Reply