കൊച്ചി: ഏതു ലഹരിമരുന്നും ഞൊടിയിടയിൽ മണത്തുപിടിച്ച് ഓപ്പറേഷൻ തൂഫാനിലെ താരമായിരിക്കുകയാണ് ബ്രൂണോ. കൊച്ചി സിറ്റി പോലീസിന്റെ കെ 9 സ്ക്വാഡ് അംഗമാണ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ബ്രൂണോ. കഞ്ചാവ്, ചരസ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയെല്ലാം എവിടെ ഒളിപ്പിച്ചാലും ബ്രൂണോ മണത്ത് കണ്ടെത്തും. സിന്തറ്റിക് രാസലഹരികളുടെ മണമുള്ള സ്യൂഡോ സെന്റുകൾ മണപ്പിച്ചാണ് ഇവനെ പരിശീലിപ്പിച്ചതെന്ന് ബ്രൂണോയുടെ ഹാൻഡ്ലറായ സിപിഒ കെ. ജി ശ്രീകുമാർ പറഞ്ഞു. സിപിഒ സി.ആർ. ജ്യോതിസാണ് രണ്ടാമത്തെ ഹാൻഡ്ലർ. ബ്രൂണോ കൊച്ചി സിറ്റി പോലീസിന്റെ ലഹരിമരുന്ന് വേട്ടയ്ക്കിറങ്ങി തുടങ്ങിയത് അടുത്തിടെയാണ്. മൂന്ന് ലഹരി വേട്ടകളിലാണ് പങ്കെടുത്തിട്ടുള്ളത്. പൊതുവേ ശാന്തനെങ്കിലും ലഹരി കൈവശം വച്ചിരിക്കുന്നവരെ കണ്ടാൽ ഇവൻ വെറുതേ വിടില്ല. അവരെ അവിടെ നിന്ന് പോകാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി നിർത്താതെ കുരയ്ക്കും. ഓരോ വർക്ക് പൂർത്തിയാക്കുമ്പോഴും പന്ത് നൽകി അഭിനന്ദിക്കാറുണ്ടെന്ന് ഹാൻഡ്ലർ പറഞ്ഞു.
2018 ൽ രണ്ടര മാസമുള്ളപ്പോഴാണ് തൃശൂർ കേരള പോലീസ് അക്കാദമിയിൽ ബ്രൂണോ എത്തിയത്. എട്ട് വർഷത്തെ സർവീസുണ്ട്.











