Home യൂറോപ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം

42
0

ചെറിയ ഇടവേളയ്ക്കു ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വംശീയ സംഘര്‍ഷം പടരുന്നു. തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ സു‍ഡാന്‍ സ്വദേശി തദ്ദേശീയനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധാഗ്നി ആളിപ്പടരുന്നു. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അക്രമികള്‍ വ്യാപകമായി തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും തുടരുകയാണ്. കിഴക്കന്‍ ബെല്‍ഫാസ്റ്റിലെ ന്യൂടൗണ്‍ആര്‍ഡ്സ് റോഡില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനം ‘ഗ്ലൈഡര്‍’ ബസ് തടഞ്ഞുനിര്‍ത്തി പൂര്‍ണമായി കത്തിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം വാണിജ്യ സ്ഥാപനങ്ങളുടെ വലിയ വേസ്റ്റ് ബിന്നുകള്‍ക്ക് തീയിട്ട ശേഷം ബസിലേക്ക് തള്ളിവിടുകയായിരുന്നു. ന്യൂടൗണ്‍ആര്‍ഡ്സ് റോഡിനോട് ചേര്‍ന്നുള്ള ലെന്‍ഡ്രിക്ക് സ്ട്രീറ്റില്‍ നിരവധി വീടുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തീ പടര്‍ന്ന വീടുകളില്‍ നിന്നു താമസക്കാരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമികള്‍ കത്തുന്ന വേസ്റ്റ് ബിന്‍ വീടുകളുടെ മുന്‍വാതിലിലേയ്ക്കു ചാരിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ വിദേശി ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളും കടകളും അടിച്ചുതകര്‍ത്തിട്ടുണ്ട്.

അക്രമസംഭവങ്ങള്‍ മറ്റു കൗണ്ടികളിലേക്കും വ്യാപിക്കുകയാണ്. കൗണ്ടി അര്‍മാഗിലെ പോര്‍ട്ടഡൗണില്‍ നിരവധി കാറുകള്‍ക്കു തീയിട്ടു. പ്രദേശത്തെ റോഡുകള്‍ കത്തുന്ന വാഹനങ്ങള്‍ ഉപയോഗിച്ചു പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇവിടെ പൊലീസിന്റെ ഒരു സ്ക്വാഡ് കാറും അക്രമികള്‍ അഗ്നിക്കിരയാക്കി. ഇതിനുപുറമെ, കൗണ്ടി ആന്‍ട്രിമിലെ ബാലിക്ലെയറില്‍ ഒരു ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പ് അക്രമികള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നു ട്രാന്‍സ്‌ലിങ്ക് (Translink) ബെല്‍ഫാസ്റ്റിലെ എല്ലാ ബസ്, ട്രെയിന്‍ സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവെച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ബെല്‍ഫാസ്റ്റില്‍ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു സുഡാന്‍ സ്വദേശിയായ 30-കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ വധശ്രമം, മാരകായുധം കൈവശം വെക്കല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുകെയിലുടനീളം അഭയാര്‍ഥി, കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനമുണ്ടായത്. സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ, എഡിന്‍ബറോ, കൂടാതെ സതാംപ്ടണ്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.അഭയാര്‍ത്ഥിവിരുദ്ധ പ്രതിഷേധങ്ങളുടെ മറവില്‍ സാധാരണക്കാരുടെ വീടുകള്‍ക്ക് തീയിടുകയും വിദേശികളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സംഭവങ്ങളെ അധികൃതര്‍ അപലപിച്ചു.

Previous articleതി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; അ​മേ​രി​ക്ക​യു​ടെ 21 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം
Next articleആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ന​ല്ല പ​രി​സ്ഥി​തി അ​നി​വാ​ര്യം: ഡോ. ​ടി​നു ത​മ്പി

Leave a Reply