Home ഇന്ത്യ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10ന് ; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി മുറുകുന്നു; ഹൈക്കമാന്റ്...

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10ന് ; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി മുറുകുന്നു; ഹൈക്കമാന്റ് നിരീക്ഷകര്‍ ഇന്ന് കേരളത്തില്‍

75
0

തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തെത്തുടർന്ന്, മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള നിർണായക നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുമായി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണം സജീവമായിരിക്കെ, എംഎൽഎമാരുടെ അഭിപ്രായം തേടാൻ ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. എംഎൽഎമാരുടെ നിലപാടറിയാന്‍ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന്‍ ഖാർഗെ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും നിയോഗിച്ചിട്ടുണ്ട്.

മെയ് 10 ന് മുമ്പ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുന്ന നിരീക്ഷകർ ഓരോ എംഎൽഎമാരുമായും നേരിട്ട് സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കും.

നിലവിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ :

​കെ.സി. വേണുഗോപാൽ: ഹൈക്കമാൻഡിനുള്ളിൽ വലിയ സ്വാധീനമുള്ള കെ.സി. വേണുഗോപാലിന്റെ ശക്തി, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട് എന്നതാണ്. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ കെ.സി.ക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിയായാൽ, അദ്ദേഹത്തിന് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നേരിടേണ്ടിവരും, നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന പാർട്ടിയുടെ തീരുമാനം ലംഘിക്കപ്പെടുകയും ചെയ്യും.

വി.ഡി. സതീശൻ: പ്രതിപക്ഷ നേതാവെന്ന നിലയിൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയുടെയും പിന്തുണയുണ്ട്. കൊച്ചിയിൽ സതീശന് ലഭിച്ച ആവേശകരമായ സ്വീകരണം അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവായി ഹൈക്കമാൻഡ് കണക്കാക്കുന്നു.

രമേശ് ചെന്നിത്തല: സീനിയോറിറ്റി പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രമേശ് ചെന്നിത്തലയും പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും 2021-ൽ തനിക്ക് സ്ഥാനം നിഷേധിക്കപ്പെട്ട സാഹചര്യവും അന്ന് സോണിയ ഗാന്ധി നൽകിയ ഉറപ്പും ചെന്നിത്തല ആയുധമാക്കുകയാണ്. ഈ വിഷയത്തിൽ നേരിട്ട് ചർച്ചകൾ നടത്താൻ അദ്ദേഹം ഇന്ന് ഡൽഹിയിലേക്ക് പോകും.

കെ.സി. വേണുഗോപാൽ പിന്മാറിയാൽ, രമേശ് ചെന്നിത്തലയെ പരിഗണിക്കുകയും സതീശന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുകയും ചെയ്യുന്ന ഒരു സമവായ ഫോർമുലയും ഹൈക്കമാൻഡിന് നിലവിലുണ്ട്. മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ ഇതിനകം പ്രാഥമിക ചർച്ചകൾ നടത്തി. അജയ് മാക്കനും മുകുൾ വാസനിക്കും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും.

Previous articleഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്
Next articleഅമേരിക്കയുടെ ‘പറക്കുന്ന ഗ്യാസ് സ്റ്റേഷൻ’ ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ വെച്ച് അപ്രത്യക്ഷമായി!

Leave a Reply