ഇറാന്റെ എല്ലാ തുറമുഖങ്ങളും തിങ്കളാഴ്ച്ച മുതൽ ഉപരോധിക്കുമെന്നു യുഎസ് സേനാ കേന്ദ്ര കമാൻഡ് സെന്റ്‌കോം അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് ഈ നടപടിയെന്ന് അവർ വ്യക്തമാക്കി. ഇറാന്റെ തുറമുഖങ്ങളുമായും തീരപ്രദേശങ്ങളുമായും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയും. ഇറാൻ തുറമുഖത്തേക്കു വരുന്നതും അവിടന്ന് പോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഇതു ബാധകമാണ്. ഇക്കാര്യത്തിൽ ഒരു രാജ്യത്തിന്റെയും കപ്പലുകൾക്ക് ഒഴിവില്ല.
അറേബ്യൻ ഗൾഫിലും ഗൾഫ് ഓഫ് ഒമാനിലുമുള്ള എല്ലാ തുറമുഖങ്ങളിലും ഉപരോധം നടപ്പാക്കും. ഇറാനു മേൽ സമുദ്രത്തിൽ സമ്മർദം ചെലുത്താൻ ട്രംപിന് ഉപദേശം ലഭിച്ചെന്നാണ് സൂചന. യുഎസ് വിമാനവാഹിനി കപ്പലുകൾ ജറാൾഡ് ഫോർഡും ഏബ്രഹാം ലിങ്കണും ഇറാന് സമീപം കിടക്കുന്നതു കൊണ്ട് ഈ നീക്കം സുഗമമാകും. യുഎസ് നീക്കം അതിശക്തമായ തിരിച്ചടി നേരിടുമെന്നു ഇറാൻ വിപ്ലവസേന ഐ ആർ ജി സി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്ന് അവർ അവകാശപ്പെട്ടു.










