Home ഇന്ത്യ ഓസ്‌ട്രേലിയയിൽ ഗവേഷണത്തിന് ഒന്നേമുക്കാൽ കോടിയുടെ സ്കോളർഷിപ്പ്; ദേവർകോവിൽ സ്വദേശിക്ക് തിളക്കമാർന്ന നേട്ടം

ഓസ്‌ട്രേലിയയിൽ ഗവേഷണത്തിന് ഒന്നേമുക്കാൽ കോടിയുടെ സ്കോളർഷിപ്പ്; ദേവർകോവിൽ സ്വദേശിക്ക് തിളക്കമാർന്ന നേട്ടം

102
0

കുറ്റ്യാടി : ഓസ്‌ട്രേലിയയിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാൻഡിൽ പിഎച്ച്ഡി ഗവേഷണത്തിനായി കുറ്റ്യാടി ദേവർകോവിൽ സ്വദേശിക്ക് ഒന്നേമുക്കാൽ കോടി രൂപയുടെ സ്കോളർഷിപ്പ്. ദേവർകോവിൽ പട്ട്യാടൻ വീട്ടിൽ നസീമയുടെയും അബ്ദുൽ ലത്വീഫിന്റെയും മകനായ മുഹമ്മദ് അമീറാണ് നാടിനൊന്നാകെ അഭിമാനമാകുന്ന ഈ രാജ്യാന്തര നേട്ടം കരസ്ഥമാക്കിയത്. പരുത്തി കൃഷിയിലെ രോഗനിർണ്ണയ ശാസ്ത്രമായ ‘കോട്ടൺ പാത്തോളജി’യിലാണ് അമീർ ഗവേഷണം നടത്തുന്നത്. ഓസ്‌ട്രേലിയൻ കോട്ടൺ ഡിസീസ് കൊളാബറേഷനുമായി ചേർന്നാണ് പഠനം പുരോഗമിക്കുന്നത്. പരുത്തിത്തൈകളെ ബാധിക്കുന്ന, മണ്ണിലൂടെ പകരുന്ന രോഗകാരികളുടെ സങ്കീർണ്ണതയും അവയുടെ സഹ-അണുബാധയും സംബന്ധിച്ചാണ് അമീർ പ്രധാനമായും പഠനം നടത്തുക. കാർഷിക മേഖലയ്ക്കും പ്രത്യേക പരുത്തി കർഷകർക്കും ആഗോളതലത്തിൽ തന്നെ ഗുണകരമാകുന്നതാണ് ഈ ഗവേഷണ വിഷയം.

മികച്ച അക്കാദമിക് പശ്ചാത്തലമാണ് അമീറിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്. ബെംഗളൂരു അഗ്രിക്കൾച്ചറൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ ഡിസ്റ്റിങ്ഷനോടെയാണ് അമീർ പൂർത്തിയാക്കിയത്. തുടർന്ന് കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ ബയോടെക്നോളജിയിൽ ഒന്നാം റാങ്കോടെ എംഎസ്​സി ബിരുദവും നേടി. കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (IISR) ജിനറ്റിക് എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷകനായി പ്രവർത്തിച്ചു വരികയായിരുന്നു.

കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ, വട്ടോളി ഹൈടെക് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അമീർ തന്റെ പ്രാഥമിക-ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വലിയൊരു പ്രചോദനമാവുകയാണ് അമീറിന്റെ ഈ മുന്നേറ്റം.

Previous articleബംഗ്ലാദേശ് ബസ്സപകടം ; പത്മ നദിയിലേക്ക് ബസ് മറിഞ്ഞ് 16 പേർ മരിച്ചു; നിരവധി പേരെ കാണാതായി
Next articleഓസ്‌ട്രേലിയയിലെ റെയിൽവേ സ്റ്റേഷനിൽ പേഴ്സ് മറന്നു ; ആശ്ചര്യപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യൻ യുവതി

Leave a Reply