Home യൂറോപ്പ് ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി

ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി

28
0

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം. കൊല്ലം വാളകം സ്വദേശി അഭിഷേക് റോയ് ആണ് സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ ഇതേ യൂണിയനില്‍ എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനെ കൂടാതെ സ്റ്റുഡന്റസ് ഓഫിസറായി നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരാണ് വിജയിച്ചത്. യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വര്‍ഷമാണ്.
സ്ട്രാറ്റ്ഫോഡ്, ഡോക്ക്ലാന്‍ഡ്സ് എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളുള്ള യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25000–ലധികം വിദ്യാര്‍ഥികളാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ പഠിക്കുന്നത്. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ഉള്‍പ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നല്‍കുന്നത്. വിദ്യാര്‍ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും. നിലവിലെ എഡ്യൂക്കേഷന്‍ ഓഫിസറും സ്റ്റുഡന്റ് ഗവര്‍ണറും ആണ് അഭിഷേക്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഡോക്ക്ലാന്‍ഡ്സ് കാമ്പസിലെ എംബിഎ വിദ്യാര്‍ഥിയാണ് അഭിഷേക് റോയ്. മൂന്ന് വര്‍ഷത്തോളം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്തതിനു ശേഷം 2023 സെപ്റ്റംബറില്‍ ആണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ ചേര്‍ന്നത്. സ്റ്റുഡന്റസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക മലയാളിയും വിജയിച്ച രണ്ടു ഇന്ത്യക്കാരില്‍ ഒരാളുമാണ് അഭിഷേക്.

2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് ഓഫിസ‌ര്‍ പ്രവര്‍ത്തന കാലാവധി. യൂണിവേഴ്സിറ്റിയില്‍ കൂടുതല്‍ ജോബ് ഫെയറുകള്‍ നടത്തുക, അക്കാദമിക്സ് നിലവാരം ഉയര്‍ത്തുക എന്നിവയാണ് തന്റെ ലക്ഷ്യങ്ങള്‍എന്ന് അഭിഷേക് റോയ് പറഞ്ഞു. വാളകം പൊലിക്കോട് ലവ് ഡെയ്‌ല്‍ വീട്ടില്‍ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്‍ എം. എസ്. റോയ്, പരേതയായ മിനി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്‍. നഴ്സിങ് വിദ്യാര്‍ത്ഥിയായ മഹിമ മിനി റോയ് സഹോദരിയാണ്.

Previous articleഅവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്

Leave a Reply