ന്യൂയോര്‍ക്ക് : മൂന്നു മണിക്കൂര്‍ നേരം കാണികള്‍ക്ക് അവിസ്മരണീയമായ കാഴ്ചകള്‍ സമ്മാനിച്ച ന്യൂയോര്‍ക്ക് സിറ്റി താങ്ക്‌സ് ഗിവിംഗ് ദിന പരേഡിന് ആവേശോജ്വല സമാപനം. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ മെയ്‌സിസിന്റെ ആഭിമുഖ്യത്തില്‍ നടന്ന 99-ാമത് പരേഡില്‍ ഏതാണ്ട് 8000-ത്തോളം പേര്‍ പങ്കെടുത്തു. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടക്കം ഹീലിയം നിറച്ച ഭീമാകാരങ്ങളായ 30-ലധികം ബലൂണുകള്‍ പരേഡിന്റെ പാതയിലുടനീളം നീങ്ങിക്കൊണ്ടിരുന്നു. 25-ലധികം ഫ്‌ളോട്ടുകള്‍, പതിനൊന്ന് മാര്‍ച്ചിംഗ് ബാന്‍ഡുകള്‍, പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവ പരേഡിന് കൊഴുപ്പേകി.
ബുസ് ലൈറ്റ് ഈയര്‍, ഡെര്‍വി ടൈഗര്‍, പാക്മാന്‍ തുടങ്ങി അഞ്ച് പുതിയ ഫ്‌ളോട്ടുകള്‍ ഇത്തവണയുണ്ടായിരുന്നു. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും തൊപ്പികളുമണിഞ്ഞ് പതിനായിരങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഏതാണ്ട് മൂന്നു മില്യന്‍ പേര്‍ ടെലിവിഷനിലൂടെ പരേഡ് ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. സെന്‍ട്രല്‍ പാര്‍ക്കിന്റെ പടിഞ്ഞാറ് 77-ാം സ്ട്രീറ്റിനോട് ചേരുന്ന ഭാഗത്ത് നിന്നും ആരംഭിച്ച് 46 ബ്ലോക്കുകള്‍ പിന്നിട്ട് മെയ്‌സിസിന്റെ പ്രധാന സ്റ്റോര്‍ സ്ഥിതിചെയ്യുന്ന 34-ാം സ്ട്രീറ്റിലെ ഹാരോള്‍ഡിലാണ് പരേഡ് സമാപിച്ചത്.
ഹോളിഡേ സീസന് തുടക്കംകുറിച്ചുള്ള താങ്ക്‌സ് ഗിവിംഗ് ദിന പരേഡ് പതിവുപോലെ സാന്താക്ലോസിനെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് അവസാനിച്ചത്. പരേഡ് കടന്നുപോകുന്ന വഴിയില്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. 1924-ല്‍ ആണ് പരേഡിന് തുടക്കംകുറിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 -44 വരെ മൂന്നു തവണ മാത്രമാണ് പരേഡ് മുടങ്ങിയത്. വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും താങ്ക്‌സ് ഗിവിംഗ് ദിന പരേഡ് സംഘടിപ്പിച്ചിരുന്നു.
-ഗീവറുഗീസ് ചാക്കോ











