Home അമേരിക്ക ദൈവകൃപയുടെ ഒരു പതിറ്റാണ്ട്: സോമർസെറ്റ് സെൻ്റ് തോമസ് സീറോ-മലബാർ ഫൊറോനാ ദേവാലയം 10-ാം വാർഷിക നിറവിൽ

ദൈവകൃപയുടെ ഒരു പതിറ്റാണ്ട്: സോമർസെറ്റ് സെൻ്റ് തോമസ് സീറോ-മലബാർ ഫൊറോനാ ദേവാലയം 10-ാം വാർഷിക നിറവിൽ

234
0

സോമർസെറ്റ്, ന്യൂജേഴ്‌സി: സോമർസെറ്റിലെ സെൻ്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഇടവകയുടെ 10-ാം വാർഷികം 2025 ജൂലൈ 11-ന് സമുചിതമായി ആഘോഷിക്കുന്നു. ഈ ചരിത്രനിമിഷത്തിൽ, ഇടവകാംഗങ്ങൾ ഒന്നിച്ച് ദൈവത്തിന് നന്ദി അർപ്പിക്കാൻ ഒത്തുചേരുന്നു. ഈ വിശുദ്ധ ആഘോഷത്തിൽ പങ്കെടുക്കാൻ ഇടവകയുടെ പുതിയ വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലീശ്ശേരി എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ജൂലൈ 11-ന് വൈകുന്നേരം 7:30-ന് ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ കൃതജ്ഞതാബലി അർപ്പിക്കും. ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയും നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലീശ്ശേരിയും സഹകാർമികത്വം വഹിക്കും. വിശുദ്ധ ദിവ്യബലിക്ക് ശേഷം, ഇടവകാംഗങ്ങൾക്കായി ഒരു സ്നേഹവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്, ഇത് സമൂഹത്തിൻ്റെ ഐക്യവും സഹോദര്യവും പ്രകടമാക്കും.

ഇടവകയുടെ വളർച്ച: ഒരു തിരിഞ്ഞുനോട്ടം

ഫാ. ഫിലിപ്പ് വടക്കേക്കരയുടെ നേതൃത്വത്തിൽ 2000-ൽ 15 കുടുംബങ്ങളാൽ മിൽടൗണിലെ ഔവർ ലേഡി ഓഫ് ലൂർദ്സ് പള്ളിയിൽ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാനയോടെ പുതിയ മിഷൻ പ്രവർത്തനം ആരംഭിച്ചു. ഈ മിഷൻ പ്രവർത്തനങ്ങൾക്ക് ഫാ. തോമസ് പെരുനിലവും എല്ലാ വിധ സഹായസഹകരങ്ങളും നൽകി. 2004 ജനുവരിയിൽ ഈസ്റ്റ് മിൽസ്റ്റോണിലെ താൽക്കാലിക ദൈവാലയത്തിലേക്ക് മാറിയ ഇടവക, പ്രതിവാര കുർബാന ആരംഭിച്ചു. 2006-ൽ, സമൂഹം ഒന്നിച്ച് ഈസ്റ്റ് മിൽസ്റ്റോണിൽ പള്ളിയും റെക്ടറി കെട്ടിടങ്ങളും വാങ്ങി, ഒരു ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചു. 2006 ഡിസംബറിൽ മിഷൻ ഇടവകയാക്കി ഉയർത്തി ബഹുമാനപ്പെട്ട തോമസ് കാടുകപ്പിള്ളി അച്ചനെ ഇടവക വികാരിയാക്കി നിയമിച്ചു. പുതുതായി കടന്നു വരുന്ന കുടുംബാംഗങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളുടെ അഭാവം എത്രയും പെട്ടെന്ന് ഒരു പുതിയദേവാലയം എന്ന ആശയത്തിലേക്ക് ഇടവകാംഗങ്ങൾ എത്തിച്ചേർന്നു. വികാരി അച്ചന്റെ നേതൃത്വത്തിൽ ഒരു ബിൽഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും മൂന്നു വർഷത്തെ കൂട്ടായ കഠിന പ്രയഗ്നത്താൽ 2009 ഡിസംബർ 6-ന് പുതിയ ദൈവാലയും നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2010 ജനുവരി ഒന്നിന് പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2013 ജൂലൈ 14-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശിലാശീർവാദകർമ്മം നിർവഹിച്ചു.2015 ജൂലൈ 11-ന് രാവിലെ 9 മണിക്ക് 600-ലധികം വിശ്വാസികൾക്ക് ആരാധന അർപ്പിക്കാൻ സൗകര്യമുള്ള മനോഹരമായ പുതിയ ദേവാലയം ചിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഫ്രാങ്ക്ളിൻ ടൗൺഷിപ്പിൻ്റെ ഹൃദയഭാഗത്ത് 600 -ലധികം ആളുകൾക്ക് ആരാധന നടത്താൻ സൗകര്യമുള്ള ഈ ദേവാലയം, ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളും , 10-ലധികം CCD ക്ലാസ് മുറികളും , 150-ലധികം കാറുകൾക്ക് പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്ന ഒരു ആധുനിക കെട്ടിടസമുച്ചയമായി നിലകൊള്ളുന്നു.ഇന്ന്, ഏകദേശം 125-ൽ നിന്ന് 350 -ലധികം കുടുംബങ്ങളായി ഇടവക വളന്നുകൊണ്ടിരിക്കുന്നു.

Previous articleമരണസംഖ്യ ഉയരുന്നു: കണ്ണീരായി ടെക്സസ് മിന്നൽപ്രളയബാധിത മേഖല
Next articleഅമേരിക്കൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH)

Leave a Reply