Home ഓഷിയാന ദിവ്യകാരുണ്യ നാഥനെ വരവേറ്റ് ഓസ്ട്രേലിയൻ ജനത ; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അണിചേർന്ന് പതിനായിരങ്ങൾ

ദിവ്യകാരുണ്യ നാഥനെ വരവേറ്റ് ഓസ്ട്രേലിയൻ ജനത ; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അണിചേർന്ന് പതിനായിരങ്ങൾ

144
0

ബ്രിസ്ബെയ്ൻ : ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ നഗരത്തിൽ ഉടനീളം ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ച് പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ഭക്തിസാന്ദ്രമാക്കി ഓസ്ട്രേലിയയിലെ കത്തോലിക്കർ. ഓസ്ട്രേലിയയിലെ വിവിധ രൂപതകളുടെ നേതൃത്വത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. ബ്രിസ്ബെയ്ൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന കോർപ്പസ് ക്രിസ്റ്റി ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കത്തീഡ്രലിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസികൾക്ക് പുത്തൻ അനുഭവമായി മാറി. വിവിധ ഇടവകകളിൽ നിന്നും മലയാളികളടക്കമുള്ള നിരവധി കത്തോലിക്കർ പങ്കെടുത്തു. വെളുത്ത വസ്ത്രം ധരിച്ചെത്തിയ കുട്ടികൾ പ്രദക്ഷിണത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കി.

ദിവ്യകാരുണ പ്രദക്ഷിണത്തിൽ നിന്നും ദിവ്യകാരുണ്യത്തോടൊപ്പം മുത്തുകുടകളും കൈകളിലേന്തി ജപമാല പ്രാർത്ഥനകളും ഉരുവിട്ട് ന​ഗരം ചുറ്റിയാണ് വിശ്വാസികൾ ദിവ്യകാരുണ്യനാഥനെ വരവേറ്റത്. തങ്ങളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് കൂപ്പുകൈകളോടെ സ്തുതിയാരാധനകൾ അർപ്പിക്കുവാൻ പലരും വഴിവക്കുകളിൽ നിരന്നു. കോർപ്പസ് ക്രിസ്റ്റി തന്റെ ഈ വർഷത്തിലെ പ്രിയപ്പെട്ട ദിവസമായിരുന്നു എന്ന് ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് പറഞ്ഞു. പിതാവായ ദൈവം നമുക്ക് യേശുവിനെ ഒരു കൂട്ടുകാരനായി മാത്രമല്ല, യാത്രയ്ക്കുള്ള ഭക്ഷണമായും നൽകി. പിതാവിന്റെ എത്ര അസാധാരണമായ തീരുമാനവും എല്ലാ വിവരണങ്ങൾക്കും അതീതമായ സമ്മാനവുമാണിതെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

യേശുവിനോടും അവനെ സ്നേഹിക്കുന്ന എല്ലാ ആളുകളോടും ഒപ്പം നടക്കാൻ കഴിഞ്ഞതിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയതായി മിഷനറി ഓഫ് ചാരിറ്റി സിസ്റ്റർ ടെസില പറഞ്ഞു. ദിവ്യകാരുണ്യം സഭയുടെ നിധിയാണ്. അത് നമ്മുടെ ജീവിതത്തിൽ യേശു യഥാർത്ഥമാണ് എന്ന ബോധം വളർത്തുമെന്ന് ബ്രസീലിയൻ കമ്മ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഫ്രാൻസിസ്കോ ഇവാഞ്ചലിസ്റ്റ പറഞ്ഞു.

Previous articleഅഡലെയ്ഡിലെ വിശ്വാസികൾക്ക് ആത്മീയ ഉണർ‌വേകി ഫാ. ഡൊമിനിക് വാളന്മനാൽ നയിച്ച കൃപാഭിഷേകം ധ്യാനം
Next articleന്യൂസിലാൻഡിലെ ഇന്ത്യക്കാർക്ക് 10 വർഷത്തേക്ക് മാതാപിതാക്കളെ കൂടെ താമസിപ്പിക്കാം

Leave a Reply