ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍(മാഗ്) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റ് വിജയകരമായി സമാപിച്ചു. ചാണ്ടി ഉമ്മൻ എംഎല്‍എ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തില്‍ ജസ്റ്റിൻ തോമസിന്‍റെ നേതൃത്വത്തിലുള്ള ഹൂസ്റ്റണ്‍ വാരിയേഴ്സിനെ മൂന്നു വിക്കറ്റിനാണ് സ്റ്റാർസ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂസ് തോല്‍പ്പിച്ചത്.
കഴിഞ്ഞമാസം 28, 29 തീയതികളില്‍ രണ്ട് ഗ്രൗണ്ടുകളില്‍ ആയി നടന്ന മത്സരങ്ങളില്‍ പ്രാരംഭ മത്സരങ്ങള്‍ പെയർലൻഡിലെ ടോം ബാസ് പാർക്കിലും സെമിഫൈനലും ഫൈനലും സ്റ്റാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് നടന്നത്. ഫൈനലില്‍ സ്റ്റാർസ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂസ് ക്യാപ്റ്റൻ മിഖായേല്‍ ജോയ് പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൂസ്റ്റണ്‍ വാരിയേഴ്സ് 18 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 182 റണ്‍സ് നേടി. മറുപടിയായി ബാറ്റ് ചെയ്ത സ്റ്റാർസ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂസ് ഏഴ് വിക്കറ്റുകള്‍ നഷ്‌ടത്തില്‍ 17.3 ഓവറില്‍ 183 റണ്‍സ് നേടി വിജയിച്ചു. പ്ലെയർ ഓഫ് ദ സീരീസായി സ്റ്റാർസ് ഓഫ് ഹൂസ്റ്റണ്‍ ബ്ലൂസിന്‍റെ ക്യാപ്റ്റൻ മിഖായേല്‍ ജോയ് (മിക്കി) തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിലെ ട്രോഫികള്‍ അന്താരാഷ്‌ട്ര നീന്തല്‍ താരം, അർജുന അവാർഡ് ജേതാവ് വില്‍സണ്‍ ചെറിയാൻ, മുൻ ഇന്ത്യൻ അതലറ്റ് പത്മശ്രീ ഷൈനി വില്സണ്‍, മാഗ് പ്രസിഡന്‍റ് മാത്യൂസ് മുണ്ടക്കല്‍, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്ന് വിതരണം ചെയ്തു. കാണികളും മാഗ് ബോർഡ് ഡയറക്ടേഴ്സും ട്രസ്റ്റി ബോർഡും പങ്കെടുത്ത അവാർഡ് ദാന ചടങ്ങില്‍ സുജിത്ത് ചാക്കോ സ്വാഗതം അറിയിക്കുകയും ട്രസ്റ്റി ജോസ് കെ. ജോണ്‍ നന്ദി അറിയിക്കയും ചെയ്തു. മാഗ് സ്പോർട്സ് കോഓർഡിനേറ്റർ സന്തോഷ് ആറ്റുപുറം, നവംബർ മാസത്തില്‍ സോക്കർ, വോളിബോള്‍ ടൂർണമെന്‍റുകള്‍ നടത്തപ്പെടുമെന്ന് അറിയിച്ചു.












