Home ഇന്ത്യ ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കൊച്ചിയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കൊച്ചിയില്‍

268
0

കൊച്ചി: യാത്രക്കാർക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായികൊച്ചി രാജ്യാന്തര വിമാനത്താവള കമ്ബനിയായ സിയാല്‍. ഞായറാഴ്ച, വൈകീട്ട് 4 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്. നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനല്‍ വികസനം,കൂടുതല്‍ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

2022-ല്‍ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനല്‍ കമ്മീഷൻ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങള്‍ സിയാല്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് 0484 എയ്‌റോ ലോഞ്ച് പ്രവർത്തിക്കുക.കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളില്‍ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോള്‍ഡിംഗ് ഏരിയകള്‍ക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയോഗിക്കാൻ സാധിക്കും. എറണാകുളത്തിൻറെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം. അകച്ചമയങ്ങളില്‍ കേരളത്തിൻറെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്ബേറ്റുന്നു. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോർഡ് റൂമുകള്‍, 2 കോണ്‍ഫറൻസ് ഹാളുകള്‍, കോ-വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററൻറ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

‘യാത്രക്കാർക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുൻനിർത്തി, നിലവില്‍ നടപ്പിലാക്കിവരുന്ന രാജ്യാന്തര ടെർമിനല്‍ വികസനം, കൂടുതല്‍ ലോഞ്ചുകളുടെയും ഫൂഡ് കോർട്ടുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രോജക്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവർത്തനം തുടങ്ങി. 0484 എയ്റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവില്‍ ലോഞ്ചിൻറെ മുന്തിയ അനുഭവം യാത്രക്കാർക്കും സന്ദർശകർക്കും ലഭ്യമാക്കുകയാണ് സിയാല്‍”, സിയാല്‍ മാനേജിങ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

മന്ത്രിമാരായ പി. രാജീവ്‌, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം. പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം. എല്‍. എ മാരായ അൻവർ സാദത്ത്, റോജി എം. ജോണ്‍, സിയാല്‍ ഡയറക്ടർമാരായ യൂസഫ് അലി എം. എ., ഇ. കെ. ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജൻ, എൻ. വി. ജോർജ്, ഇ. എം. ബാബു, പി. മുഹമ്മദ്‌ അലി എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Previous articleസൗദിയില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Next articleവേളാങ്കണ്ണിയില്‍ ഇനി പെരുനാള്‍ ആഘോഷം, എത്തുക ലക്ഷകണക്കിന് ഭക്തര്‍

Leave a Reply