തിരുവനന്തപുരം : അർജൻീന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി മലപ്പുറത്തിന്റെ മണ്ണില്‍ പന്തുതട്ടുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ഫുട്ബാള്‍ ടീം സൗഹൃദ മത്സരം കളിക്കാൻ അടുത്ത വർഷം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ടീമിനൊപ്പം സാക്ഷാല്‍ ലയണല്‍ െമസ്സി വരുമെന്നും മലപ്പുറം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായി സൗഹൃദപോരാട്ടം നടത്താനാണ് ആലോചനയെന്നും മന്ത്രി ഇന്ന് വ്യക്തമാക്കി. ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങള്‍ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമാണത്തിലിരിക്കുന്ന മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ പണി അപ്പോഴേക്കും പൂർത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച അർജന്‍റീന ദേശീയ ടീമിന്‍റെ ഇന്‍റർനാഷനല്‍ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായി കായികമന്ത്രി വി. അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി നടത്തിയ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത് സംബന്ധിച്ച് ഔദ്യോഗി സ്ഥിരീകരണം മന്ത്രി ഫെയ്സ് ബുക്കിലൂടെ നല്‍കിയത്.മന്ത്രി വി. അബ്ദുറഹിമാന്റെ ഫേസ്ബുക്ക് പോസ്റ്റ് “ലയണല്‍ മെസ്സി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകകപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.
നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാള്‍ വികസനത്തില്‍ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓണ്‍ലൈൻ മീറ്റിംഗില്‍ വിശദമായി ചർച്ച ചെയ്യപ്പെട്ടു. അർജൻ്റിന കേരളവുമായി ഫുട്ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്. അർജൻ്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറില്‍ കളിക്കാൻ സന്നദ്ധത അർജന്റീന അറിയിച്ചു.
ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോള്‍ മുതല്‍ നമ്മുടെ ആളുകള്‍ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണല്‍ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ. എ.എസ്.കെ.എഫ്.എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികള്‍ ചർച്ചയില്‍ പങ്കെടുത്തു.”











