ദില്ലി : നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി വനിതയെ നിയമിക്കാൻ തീരുമാനം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാൻഡറായ യുവതി ഐഎൻഎസ് ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാൻഡിംഗ് ഓഫീസറായാകും ചുമതലയേല്‍ക്കുക. ഇന്ത്യൻ നാവികസേനയില്‍ 1000-ത്തിലധികം വനിതാ അഗ്നിവീറുകളെ ഉള്‍പ്പെടുത്തിയതായും അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യക്തമാക്കി. ആദ്യ ബാച്ചിലെ അഗ്നീവീരന്മാര്‍ ഐഎൻഎസ് ചില്‍ക്കയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അഗ്നീവിര്‍ ട്രെയിനികള്‍ ഉള്‍പ്പെടെയാണ് ഇവിടെ നിന്ന് ബിരുദം നേടിയത്. കൂടാതെ, രണ്ടാമത്തെ ബാച്ചില്‍ 454 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. സേനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും വരുന്ന വര്‍ഷത്തോടെ ആയിരത്തോളം വനിതാ അഗ്നിവീറുകളെ നാവികസേനയുടെ ഭാഗമാക്കുമെന്നും അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2023. നാവികസേനയ്‌ക്കും ശ്രദ്ധേയമായ വര്‍ഷമാണ് ഇത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളും വിമാനങ്ങളും ഉള്‍പ്പെടുത്താൻ സേനയ്ക്ക് കഴിഞ്ഞു. സൈനിക, നയതന്ത്ര ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കാനും സേനയ്‌ക്ക് കഴിഞ്ഞു. ഇനിയും അത് തുടരുമെന്നും അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യക്തമാക്കി. സ്വാശ്രയത്വവും സുസ്ഥിര വികസനവുമാണ് സേന ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ സ്വന്തം യുദ്ധവാഹിനികളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സുസജ്ജമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറവും അവ പ്രതിരോധം തീര്‍ക്കുന്നു. 21 ദശലക്ഷം ചതുരശ്ര നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയിലാണ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങളിലും സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യക്തമാക്കി.











