കുവൈറ്റ്‌സിറ്റി : മംഗഫിലെ ഇന്‍ഡ്യ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പുതുതായി തെരഞ്ഞെടുക്കപെട്ട സ്റ്റുഡന്റ്‌റ് കൗണ്‍സില്‍ ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ശാന്തഗംഭീരമായ ചടങ്ങില്‍ ഇന്‍ഡ്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുജാത ശിവകൃഷ്ണന്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി ഇന്ദുലേഖ പ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂളിന്റെ പാരമ്ബര്യവും പൈതൃകവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്തു. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഹെഡ് ബോയ് മിലന്‍ ടിജു, ഹെഡ് ഗേള്‍ എമിലി ആന്‍ ജേക്കബ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇംഗ്ലീഷ് വിഭാഗം അധ്യാപികമാരായ ഡോ: രംഗശ്രീ, മഞ്ജു മിത്ര എന്നിവര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കാഴ്ച്ചവെച്ച നൃത്തനൃത്യം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് കുവൈറ്റില്‍ അറിയപ്പെടുന്ന യുവ ഗായകനും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ രോഹിത് ശ്യാമും സംഘവും അവതരിപ്പിച്ച ശ്രുതിമധുരമായ ഗാനാലാപനവും നടന്നു. ചടങ്ങ് വീക്ഷിക്കാനായി വിദ്യാര്‍ത്ഥി പ്രതിനിധികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ: സലീം, സി സി എ കോഓര്‍ഡിനേറ്റര്‍ ഫിറോസ, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ: രമേശ് കുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
സ്‌കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണന്‍, കോര്‍ഡിനേറ്റര്‍മാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രമണ്യം, നാജിയ ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സി സി എ സെക്രട്ടറിമാരായ ആമിര്‍ അസ്ലം, ടിസിയാ രാജീവ് എന്നിവര്‍ നന്ദി പ്രഭാഷണം നടത്തി.












