100 ദിവസങ്ങള്‍ കടന്നിട്ടും ശമനമില്ലാതെ കത്തി കയറുന്ന കലാപം മണിപ്പൂരിന് ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തെയ്-കുക്കി പ്രദേശങ്ങള്‍ ഇതിനോടകം രണ്ടായി പിളര്‍ന്നു. ഇംഫാല്‍ താഴ്‍വരയില്‍ കുക്കികള്‍ ഇപ്പോള്‍ ഇല്ല. ഈ വിഭാഗത്തില്‍പെട്ട മന്ത്രിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ താഴ്‌വരയില്‍ നിന്നു പലായനം ചെയ്തതായാണ് വിവരം. കുക്കി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഇംഫാലില്‍ തിരികെയെത്തിയിട്ടില്ല. ഡിജിപിയായിരുന്ന പി. ഡൊംഗല്‍ ഗുവാഹതിയിലാണുള്ളത്. ജോലിക്ക് ഹാജരാകാത്തവര്‍ക്കു ശമ്ബളം നല്‍കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ തിരികെയെത്താൻ തയാറായിട്ടില്ല. ചുരാചന്ദ്പുര്‍, തെഗ്നോപാല്‍, കാങ്പോക്പി തുടങ്ങിയ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിലെ മെയ്തെയ്കളും ഇംഫാലിലേക്കു പലായനം ചെയ്തിരിക്കുകയാണ്.













