ന്യൂയോര്‍ക്ക് : നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 – 2024 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവിനെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുന്‍ സെക്രട്ടറി കൂടിയായ ന്യൂയോര്‍ക്കില്‍ നിന്നുള്ള സുജ തോമസാണ്. ജോര്‍ജിയയില്‍ നിന്നുള്ള ദീപ്തി വര്‍ഗ്ഗീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, ന്യൂ ജേഴ്സിയില്‍ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേല്‍ വൈസ് പ്രസിഡന്റായും ടെക്സാസില്‍ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാല്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍ നിന്നുള്ള താരാ ഷാജന്‍ ട്രഷററായും നൈനയെ നയിക്കും.
നൈനയുടെ ഒന്‍പതാമത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓഫ് ആല്‍ബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. board-certified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കല്‍ സെന്ററില്‍ Critical Care Educator/ Administrator ആയി സേവനം അനുഷ്ഠിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ദീപ്തി വര്‍ഗ്ഗീസ് ജോർജിയ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. Cardiology-Electrophysiology Nurse Practitioner ആയി അറ്റലാന്റയിലെ Northside Hospital System ല്‍ സേവനമനുഷ്ഠിക്കുന്നു. വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സാന്ദ്രാ ഇമ്മാനുവേലും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഉമാമഹേശ്വരി വേണുഗോപാലും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് ന്യൂജേഴ്സി ചാപ്റ്റര്‍ 2 ന്റെ പ്രസിഡന്റായി യഥാക്രമം 2019- 2020, 2021 -2022 വർഷക്കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുകൂടിയുള്ള ന്യൂയോര്‍ക്കില്‍ നിന്നുള്ള താരാ ഷാജനാണ്. നൈന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഉമാമഹേശ്വരി വേണുഗോപാല്‍ അറിയിച്ചതാണിത്.
വാർത്തയും ചിത്രവും : അനില്‍ മറ്റത്തികുന്നേല്‍











