റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ “പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം മലപ്പുറം ജില്ലയിൽ വിതരണം ചെയ്തു.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് അവാർഡും മൊമന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്കാരം നൽകുന്നത്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി രക്ഷാധികാരി സമിതി മുൻ അംഗം ഗോപിനാഥൻ വേങ്ങര അധ്യക്ഷനായി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.സി. നൗഷാദ്, കേളി മുൻ സെക്രട്ടറി റഷീദ് മേലെതിൽ എന്നിവർ ആശംസകൾ നേർന്നു. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലും ചടങ്ങ് സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിൽനിന്ന് 56 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഉമ്മർകുട്ടി കാളികാവ് നന്ദിയും പറഞ്ഞു.
Home ഗൾഫ് കേളി “പ്രതീക്ഷ’ പുരസ്കാരം; മലപ്പുറം ജില്ലയിൽ 55 വിദ്യാർഥികൾക്ക് വിതരണം ചെയ്തു













