ചോറ്റാനിക്കര: പഞ്ചാരിമേളത്തിന്റെ താളപ്പെരുക്കത്തിൽ ആസ്വാദക ഹൃദയങ്ങളെ ആവേശ കൊടുമുടിയിലെത്തിച്ച് ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം. മേളപ്പെരുക്കത്തിന് സാക്ഷിയാകാൻ നൂറുകണക്കിന് മേളപ്രേമികളാണ് പവിഴമല്ലിത്തറയിൽ ഒത്തുചേർന്നത്. ദുർഗാഷ്ടമി ദിനത്തിൽ നടനും മേളപ്രമാണിയുമായ ജയറാമിന്റെ നേതൃത്വത്തിലായിരുന്നു പവിഴമല്ലിത്തറ മേളം. ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്കു മുന്നിൽ പതിഞ്ഞ കാലത്തിൽ തുടങ്ങിയ മേളത്തിന്റെ ചിട്ടകൾക്കനുസൃതം ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും ഒരേ താളവഴിയിൽ സംഗമിച്ചപ്പോൾ പവിഴമല്ലിത്തറയും പരിസരവും വാദ്യസംഗീതത്തിന്റെ വിസ്മയ വേദിയായി. രണ്ടും മൂന്നും നാലും കാലങ്ങൾ പിന്നിട്ട് മേളം അഞ്ചാം കാലത്തിലെത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലെത്തി. പതിമൂന്നാം തവണ ജയറാം പ്രമാണിയായ മേളത്തിൽ തിരുമറയൂർ ഗിരിജൻ മാരാർ ഇടന്തലയിൽ നിന്നു. മൂന്നു മണിക്കൂറോളം നീണ്ട മേളത്തിൽ പത്ത് വയസുകാരനടക്കം 151ലേറെ കലാകാരന്മാർ പങ്കെടുത്തു. ജസ്റ്റീസ് മുരളി പുരുഷോത്തമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ബോർഡംഗം അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചാണ് മേളത്തിന് തുടക്കമിട്ടത്












