ദുബായി: പണവും സുപ്രധാന രേഖകളും അടങ്ങിയ പേഴ്സ് പൊലിസിൽ ഏൽപ്പിച്ച് മലയാളി യുവാവിന്റെ സത്യസന്ധത. പാനൂർ സ്വദേശി സുബൈർ ചിറ്റുളിയാണ് ദുബായിയിൽ മാതൃകാപരമായ പ്രവൃത്തിയിലൂടെ ശ്രദ്ധേയനായത്. അൽ ബർഷയിലെ തന്റെ ഷോപ്പിൽ നിന്ന് ലഭിച്ച പേഴ്സ് ഉടമസ്ഥൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മൂന്നു ദിവസത്തോളം സുബൈർ സൂക്ഷിച്ചു. എന്നാൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ അൽ ബർഷ പൊലിസ് സ്റ്റേഷനിലെത്തി പേഴ്സ് കൈമാറുകയായിരുന്നു. യുഎഇ ദിർഹംസ്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ കാർഡ്, നാല് എടിഎം കാർഡുകൾ തുടങ്ങിയവയാണ് പേഴ്സിലുണ്ടായിരുന്നത്. പരിശോധനയിൽ പേഴ്സ് ദുബായ് സിവിൽ ഡിഫൻസിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്റേതാണെന്ന് വ്യക്തമായി. സുബൈറിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ദുബായ് പൊലിസ് ഔദ്യോഗികമായി ഫൗണ്ട് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നൽകി. സത്യസന്ധതയുടെ മാതൃകയായി മാറിയ സുബൈറിന്റെ പ്രവൃത്തി പ്രവാസി മലയാളികൾക്കും പാനൂരിനും അഭിമാനമായി.














