Home ഗൾഫ് ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ദുബായ് : പിന്തള്ളിയത് ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്...

ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ദുബായ് : പിന്തള്ളിയത് ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ് തുടങ്ങിയ ആഗോള നഗരങ്ങളെ

265
0

ദുബായ് : സ്വപ്ന നഗരിയായ ദുബായ്ക്ക് വീണ്ടും ലോക അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പത്ത് നഗരങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ദുബായ്. ന്യൂയോര്‍ക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്‌നി, ജോഹന്നാസ്ബര്‍ഗ്, പാരീസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ ആഗോള നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായ് മൂന്നാമതെത്തിയത്. യുകെ ആസ്ഥാനമായുള്ള ദി ഇക്കണോമിസ്റ്റിന്റെ സമീപകാല സര്‍വ്വെയിലാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തെക്കുറിച്ച്‌ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിവിധ മേഖലകളിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് പത്ത് പ്രമുഖ ആഗോള നഗരങ്ങളില്‍ മൂന്നാം സ്ഥാനമാണ് ദുബായ് നേടിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ലോകത്തെ മുൻനിര നഗര സമ്ബദ്‌വ്യവസ്ഥകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെ സാമ്ബത്തിക ഉന്നമനത്തിനായി ആസൂത്രണം ചെയ്ത നടപടികളുമാണ് ദുബായ് യുടെ ഈ മഹത്തായ നേട്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ വിവിധ മേഖലകളില്‍ ദുബായിയുടെ ആഗോള നിലവാരം ഉയര്‍ത്താൻ പരിശ്രമിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ദുബായ് കിരീടാവകാശി തന്റെ നന്ദി പ്രകടിപ്പിച്ചു.

കോവിഡ് പ്രതിരോധ നടപടികള്‍ മാറ്റ് കൂട്ടി

കോവിഡ് മഹാമാരിക്കെതിരെ ദുബായ് കൈക്കൊണ്ട നിലപാടുകളും ഇതിനോടനുബന്ധിച്ച്‌ അവതരിപ്പിച്ച വ്യാപകമായ പരിഷ്കാരങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു. ഇത് ദുബായ് യുടെ ആഗോള പ്രശസ്തി ഉയര്‍ത്തിയ ഘടകങ്ങളില്‍ പ്രധാനമായി ഉള്‍പ്പെടുന്നുണ്ടെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടുള്ള ജനസംഖ്യ, നഗരത്തിന്റെ സാമ്ബത്തിക വളര്‍ച്ച, ഓഫീസ് മേഖലയിലെ ഒഴിവുകള്‍, താമസയിടങ്ങളുടെ വില നിലവാരം എന്നിങ്ങനെ നാല് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിസ്റ്റ് സൂചിക തയാറാക്കിയത്.

ഓരോ നഗരവും ഈ നടപടികളില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെ വിലയിരുത്തിയാണ് ആദ്യ പത്ത് റാങ്കുകള്‍ തയാറാക്കിയത്. അമേരിക്കൻ നഗരമായ മയാമിയും ഏഷ്യയിലെ സിംഗപ്പൂരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈവരിച്ചത്.

Previous articleകടലില്‍ നീന്താനിറങ്ങിയ യുവാവിനെ ടൈഗര്‍ സ്രാവ് തിന്നു
Next articleസാമ്പത്തിക പ്രതിസന്ധി ; ജൂണ്‍ 14 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍

Leave a Reply