ഡാലസ്: വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികളോടെയും തനിമയാര്‍ന്ന കലാരൂപങ്ങ ളോടെയും ഡാലസ് മലയാളി അസോസിയേഷന്‍ (DMA) സംഘടിപ്പിച്ച ഓണാഘോഷ മാമാങ്കം ശ്രദ്ധേയമായി. അഞ്ഞൂറിലധികം പ്രവാസി മലയാളികള്‍ പങ്കെടുത്ത ആഘോഷപരിപാടികള്‍ നാടിന്റെ ഓര്‍മ്മ പുതുക്കുന്ന ആവേശോജ്ജ്വല അനുഭവമായി മാറി.
ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിലുള്ള ചെണ്ടമേളവും താലപ്പൊലിയും വിശിഷ്ടാതിഥികളെ വേദിയേക്ക് ആനയിച്ചു. തുടര്‍ന്ന് ജൂഡി സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മുഖ്യാതിഥി ഫ്രാന്‍സിസ് ജോര്‍ജ് എം.പി, വിശിഷ്ടാതിഥി ഷിജു അബ്രഹാം (കേരളം അസോസിയേഷന്‍ ഡാളസ്, പ്രസിഡന്റ്), ഭാരവാഹികളായ ബിജു ലോസണ്‍, ജൂഡി ജോസ്, ഷാജി ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
പ്രവാസികളുടെ സംഭാവന വലുത്: ഫ്രാന്‍സിസ് ജോര്‍ജ് എം.പി

പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നല്‍കി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കൃത്യമായ പദ്ധതികള്‍ ഉണ്ടാകണം. പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിര്‍ത്താന്‍ അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.എ പോലുള്ള സംഘടനകള്‍ക്ക് ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണ നാളുകളില്‍ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് (KAD) പ്രസിഡന്റ് ഷിജു അബ്രഹാം വിശിഷ്ടാതിഥിയായി ചടങ്ങില്‍ സംസാരിച്ചു. ഭാരവാഹികളായ ബിജു ലോസണ്‍, ജൂഡി ജോസ്, ഷാജി ആലപ്പാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അസോസിയേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് പുതിയ ദേശീയ കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഇലക്ട്, ആര്‍.വി.പി ഇലക്ട് ജൂഡി ജോസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഇലക്ട് ഷെല്ലി തോമസ് എന്നിവരെ ആദരിക്കുകയും ബിജു ലോസണ്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഡെക്സ്റ്റര്‍ ഫെരേര, മധു ജോസഫ്, സൈജു അത്തിക്കളം, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സാജു കുര്യന്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മനംകവര്‍ന്ന് കലാസന്ധ്യയും ഓണസദ്യയും:
പൊതുസമ്മേളനത്തിന് ശേഷം തൂശനിലയില്‍ വിളമ്പിയ പാരമ്പര്യഗത വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പ്രവാസി പ്രതിഭകള്‍ അണിനിരന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയാണ് സാംസ്‌കാരിക സന്ധ്യ അരങ്ങേറിയത്. മിനി ടീച്ചറുടെ ശിഷ്യര്‍ അവതരിപ്പിച്ച മോഹിനിയാട്ടം, അബിഗെയിലിന്റെ ഓണപ്പാട്ട്, കവിതയും സംഘവും അവതരിപ്പിച്ച തിരുവാതിര, ‘ടീം ലയം’ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവ സദസ്സിന്റെ മനംകവര്‍ന്നു. ലോസണ്‍ ഗേള്‍സ് (അബിഗെയില്‍, ആനബെല്‍, ആഡലിന്‍, പ്രിസില്ല), സൗമ്യ & മൈറ കൂട്ടുകെട്ടിലെ ഓണം ഡാന്‍സ് എന്നിവയ്‌ക്കൊപ്പം സിയാന & ഇസാന എന്നിവരുടെ പരിപാടികളും ആലിഷ ഷാജിന്‍, ടോം ജോര്‍ജ്ജ് എന്നിവരുടെ ഗാനമേളയും ഓണാഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് ജോബി പാലാ അവതരിപ്പിച്ച സ്‌കിറ്റും സ്റ്റാന്‍ഡ്-അപ്പ് കോമഡിയും സദസ്യരെ ചിരിയുടെ പുതിയ ലോകത്തേക്ക് നയിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി ആലപ്പാട്ട് നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് നടന്ന ഓപ്പണ്‍ മൈക്കും ‘ഡാലസ് ഫാന്‍ ബോയ്‌സ്’ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് ഗംഭീര സമാപനം കുറിച്ചു.












